ഷാർജ: ഈ മാസം 19ന് പുലർച്ചെ ഷാർജ റോളയിലെ ഫ്ലാറ്റിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യ ശേഖർ (30)ന്റെ മരണം ആത്മഹത്യയാണെന്ന് ഷാർജ പൊലീസ് ഫോറൻസിക് പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ഫോറൻസിക് റിപ്പോർട്ട് അതുല്യയുടെ ഷാർജയിലുള്ള സഹോദരി അഖില ഗോകുലിന് ലഭിച്ചു.
അതുല്യയുടെ ഭർത്താവ് സതീഷിന് മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അഖില ഷാർജ പൊലീസിൽ പരാതി നൽകിയിരുന്നു. അതുല്യയുടെ മരണത്തിന് പിന്നാലെ, സതീഷ് അതുല്യയെ മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പരാതിയെ തുടർന്ന് ഷാർജ പൊലീസ് സതീഷിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു.
അതേസമയം, അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സതീഷും ആരോപിച്ചിരുന്നു. ഷാർജ ഫോറൻസിക് മോർച്ചറിയിലുള്ള അതുല്യയുടെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാളെ നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് ബന്ധുക്കൾ പ്രതീക്ഷിക്കുന്നു.