ദുബൈ– യുഎഇയിലെ റാസല്‍ഖൈമയിലെ ഒരു ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. റാസല്‍ഖൈമയിലെ അല്‍ഹലില ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫാക്ടറിയിലാണ് വലിയ തീപിടുത്തമുണ്ടായതെന്ന് അഗ്നിശമനസേനാ വിഭാഗം അറിയിച്ചു. അഞ്ച് മണിക്കൂര്‍ കഠിന ശ്രമം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. സമീപ പ്രദേശങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
സിവില്‍ ഡിഫന്‍സ് ടീമിന്റേയും സുരക്ഷാ സംഘങ്ങളുടേയും ദ്രുതഗതിയിലുള്ള ഇടപെടല്‍ മൂലം തീപിടിത്തം സമീപത്തെ വെയര്‍ഹൗസുകളിലേക്കോ മറ്റ് സമീപ കെട്ടിടങ്ങളിലേക്കോ ഇടങ്ങളിലേക്കോ വ്യാപിക്കാതെ അഗ്നിബാധ തടയാനായതായി റാസല്‍ഖൈമ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫും ലോക്കല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ ടീം മേധാവിയുമായ മേജര്‍ ജനറല്‍ അലി അല്‍അബ്ദുള്ള ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. അഗ്നിബാധ റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ റാസല്‍ഖൈമയിലെ സംയുക്ത എമര്‍ജന്‍സി പ്ലാന്‍ ആക്ടിവേറ്റ് ചെയ്ത് സജീവമാവുകയാണുണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു.
സിവില്‍ ഡിഫന്‍സ് സംഘത്തിനു പുറമെ മറ്റ് എമിറേറ്റുകളിലെ അഗ്‌നിശമന യൂണിറ്റുകളും വിദഗ്ധരായ ടെക്‌നിക്കല്‍ സംഘവും എന്നിവര്‍ തീപിടുത്തം നിയന്ത്രണവിധേയമാക്കാനുള്ള കൂട്ടായ ശ്രമങ്ങള്‍ നടത്തുകയായിരുന്നു. അഗ്നിബാധ നിയന്ത്രണവിധേയമാക്കാനും ശീതീകരണ, ഒഴിപ്പിക്കല്‍ നടപടികള്‍ക്കുമായി 16 പ്രാദേശിക, ഫെഡറല്‍ വിഭാഗങ്ങളാണ് ഒരുമിച്ച് പ്രവര്‍ത്തിച്ചതാണ് വിജയകരമായതെന്നും അദ്ദേഹം വിശദീകരിച്ചു. അഗ്നിബാധയുടെ കാരണവും മറ്റ് വിശദാംശങ്ങളും മനസ്സിലാക്കാനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക്, ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘങ്ങള്‍ തെളിവ് ശേഖരണം ഉള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങി. കാരണം ഉടന്‍ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.