ദോഹ– ഫിഫ അറബ് കപ്പിന്റെ പോരാട്ടങ്ങൾ ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുന്നു. ഇന്നലെ നടന്ന മത്സരങ്ങളിൽ ജോർദാൻ, യുഎഇ ടീമുകൾ ജയത്തോടെ അവസാന നാലിലേക്ക് മുന്നേറി.
ജോർദാൻ പക്ഷമായ ഒരു ഗോളിന് ഇറാഖിനെ പരാജയപ്പെടുത്തിയാണ് സെമിയിലേക്ക് മുന്നേറിയത്. 41ാം മിനുറ്റിൽ അലി ഒൽവാൻ നേടിയ പെനാൽറ്റി ഗോളിലൂടെയാണ് ജോർദാന്റെ വിജയം. 70 ശതമാനം പന്താവകാശവുമായി ,21 ഷോട്ടുകളും എടുത്ത് ഇറാഖ് കളം നിറഞ്ഞ് കളിച്ചെങ്കിലും ഒരു തവണയും ലക്ഷ്യം പൂർത്തീകരിക്കാൻ സാധിച്ചില്ല. ജോർദാൻ പ്രതിരോധനിരയുടെയും, ഗോൾകീപ്പറുടെയും പ്രകടനമാണ് ഇറാഖിന് തിരിച്ചടിയായത്.
ഇന്നലെ നടന്ന രണ്ടാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ യുഎഇ നിലവിലെ ചാമ്പ്യന്മാരായ അൾജീരിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് തോൽപ്പിച്ചത്. 120 മിനുറ്റിലേക്ക് നീണ്ട മത്സരത്തിൽ ഇരു ടീമുകളും ഒരോ ഗോളടിച്ചു തുല്യത പാലിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തിൽ 7-6 നായിരുന്നു യുഎഇയുടെ വിജയം. രണ്ട് പെനാൽറ്റി സേവുകൾ അടക്കം നിരവധി അൾജീരിയൻ ഗോൾ ശ്രമങ്ങൾ തടഞ്ഞ ഗോൾ കീപ്പർ ഹമദ് അൽ മഖ്ബലി തന്നെയാണ് യുഎഇ വിജയത്തിൽ പ്രധാനി. 46-ാം മിനുറ്റിൽ ആദിൽ ബോൾബിനയുടെ ഗോളിൽ അൾജീരിയ മുന്നിലെത്തിയെങ്കിലും 64-ാം മിനുറ്റിൽ ബ്രൂണോ കൊൺസീസാവോ യുഎഇക്ക് വേണ്ടി ഗോൾ നേടി ഒപ്പം എത്തിക്കുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയികളുടെ നിരയിൽ മാർക്കസ് മേലോനിക്ക് പിഴച്ചപ്പോൾ അൾജീരിയൻ നിരയിൽ യാസിൻ ബെൻസിയ, നൗഫൽ ഖാസെഫ് എന്നിവർക്കാണ് പിഴച്ചത്.
ഗൾഫ് കപ്പിൽ 1998 ന് ശേഷം ആദ്യമായാണ് യുഎഇ സെമിയിലേക്ക് കടക്കുന്നത്.
തിങ്കളാഴ്ച നടക്കുന്ന സെമി ഫൈനൽ പോരാട്ടങ്ങളിൽ സൗദി അറേബ്യ ജോർദാനെയും യുഎഇ മൊറോക്കോയെയും നേരിടും.



