ഷാർജ – പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അജ്മാൻ അൽ അമീർ ഇംഗ്ലീഷ് സ്കൂൾ മുൻ അധ്യാപകനും എഴുത്തുകാരനുമായ മുരളി മംഗലത്തിന് അക്ഷരക്കൂട്ടം യുഎഇ യാത്രയയപ്പ് നൽകി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ‘സ്നേഹാദരം’ പരിപാടിയിൽ റോയി നെല്ലിക്കോട് അധ്യക്ഷത വഹിച്ചു.
മുരളി മംഗലത്തിന്റെ പ്രവർത്തനമേഖലകളെക്കുറിച്ച് അന്ന സിബി (എന്റെ അധ്യാപകൻ), ഡോ. സൈഫുദിൻ പി. ഹംസ (പള്ളിക്കൂടവും അധ്യാപനവും), അനന്തലക്ഷ്മി ഷെരീഫ് (കവിതാലോകം), സാദിഖ് കാവിൽ (എഴുത്തും ജീവിതവും), ഇ.കെ. ദിനേശൻ (സാംസ്കാരിക പ്രവാസം) എന്നിവർ സംസാരിച്ചു. എംസിഎ നാസർ, പുന്നക്കൻ മുഹമ്മദലി എന്നിവർ ആദരപത്രം സമർപ്പിച്ചു.
ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ്, അക്ഷരക്കൂട്ടം യുഎഇ പ്രതിനിധി ഷാജി ഹനീഫ എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് എം.ഒ. രഘുനാഥ്, അഷറഫ് കൊടുങ്ങല്ലൂർ, പത്മകുമാർ, നരേഷ് കോവിൽ, സാബു തോമസ്, സർഫുദ്ദീൻ വലിയകത്ത് തുടങ്ങിയവർ സംസാരിച്ചു. എം.സി. നവാസ് സ്വാഗതവും സജ്‌ന അബ്ദുള്ള നന്ദിയും പറഞ്ഞു.



