ദുബൈ– നാലുപതിറ്റാണ്ടിലേറെ നീണ്ട യുഎഇ പ്രവാസജീവിതത്തിന് വിരാമമിട്ട് മലപ്പുറം കോട്ടയ്ക്കൽ പുലിക്കോട് സ്വദേശിയും ജീവകാരുണ്യ പ്രവർത്തകനുമായ ചെമ്മുക്കൻ യാഹുമോൻ എന്ന കുഞ്ഞുമോൻ നാട്ടിലേക്ക് മടങ്ങുന്നു. 1983ൽ അനുജൻ ബഷീർ ഹാജി അയച്ച വിസയിൽ മുംബൈയിൽ നിന്ന് വിമാനം കയറി ഷാർജയിൽ എത്തിയ യാഹുമോൻ ഹാജി കഴിഞ്ഞ 43 വർഷക്കാലമായി ദുബൈ രാജകുടുംബത്തിന്റെ വിശ്വസ്തനായാണ് സേവനമനുഷ്ടിച്ചിരുന്നത്.
മുൻ ദുബായ് ഉപഭരണാധികാരിയും സാമ്പത്തിക കാര്യമന്ത്രിയുമായിരുന്ന ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മഖ്തൂമിന്റെ കൊട്ടാരത്തിൽ സേവനത്തിലേക്ക് കടന്ന അദ്ദേഹം, നീണ്ട പ്രവാസകാലം അർപ്പണബോധത്തോടെയും വിശ്വാസ്യതയോടെയും നിർവഹിച്ചു. ചെറുപ്പം മുതൽ തന്നെ നാട്ടിലെ സാംസ്‌കാരിക-രാഷ്ട്രീയ-ജീവകാരുണ്യ രംഗങ്ങളിൽസജീവമായിരുന്ന യാഹുമോൻ, ദുബൈയിലെത്തിയതോടെ യു.എ.ഇയിലെ കെ.എം.സി.സിയുടെ മുൻകാല മുഖമായ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. സാമൂഹികപ്രവർത്തനം ദുബൈയിലെ മലയാളി സമൂഹത്തിനിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി.
കോട്ടക്കൽ രാജാസ് സ്‌കൂളിലും എം.ഇ.എസ് മമ്പാട് കോളജിലും പഠനകാലത്ത് എം.എസ്. എഫിലൂടെയും പൊതുമണ്ഡലത്തിലേക്ക് കടന്നുവന്ന യാഹുമോൻ ഹാജി, രണ്ട് തവണ ദുബൈ കെഎംസിസിയുടെ മലപ്പുറം ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. നിലവിൽ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റാണ്. മുംതാസാണ് ഭാര്യ. മൂന്നു മക്കളുണ്ട്. പ്രവാസകാലം മുഴുവൻ നാട്ടിലും മറുനാട്ടിലുമായി നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ പലർക്കും ആശ്വാസമായതിന്റെ ആത്മസംതൃപ്തിയോടെയാണ് അദ്ദേഹം കോട്ടക്കലിലെ ചെമ്മുക്കൻ വീട്ടിലേക്ക് തിരികെ പോകുന്നത്.



