ദുബൈ: കുടുംബത്തിന് സുരക്ഷിത ഭാവി നൽകാനുള്ള സ്വപ്നവുമായി യുഎഇയിലെത്തിയ ഈജിപ്ഷ്യൻ യുവാവ് അഹമ്മദ് ആദെൽ (31) വിമാനമിറങ്ങി മൂന്നാം ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അലക്സാൻഡ്രിയയിൽ നിന്നുള്ള മുൻ ബോഡിബിൽഡിങ് ചാമ്പ്യനായ അഹമ്മദിന്റെ വിയോഗം ഈജിപ്ഷ്യൻ സമൂഹത്തെയും പ്രവാസി തൊഴിലാളികളെയും ഞെട്ടിച്ചു.
നിർമാണ തൊഴിലാളിയായി ദുബൈയിൽ ജോലിയാരംഭിച്ച അഹമ്മദ് ആദ്യ ദിവസം ജോലി ചെയ്യവെ കുഴഞ്ഞുവീഴുകയായരുന്നു. ആദ്യം ചൂടുകാറ്റിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണെന്ന് സംശയിച്ചെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. “അവന് ജോലിയിൽ ഉറച്ച് നിൽക്കാൻ പോലും സമയം ലഭിച്ചില്ല,” സഹോദരപുത്രൻ ഇബ്രാഹിം മഹ്‌റൂസ് വേദനയോടെ പറഞ്ഞു.
അഹമ്മദിന്റെ മൃതദേഹം ഈജിപ്തിലേക്ക് കൊണ്ടുപോകാൻ 11 ദിവസമെടുത്തു. ദുബായ് പോലീസിന്റെയും ഈജിപ്ഷ്യൻ കോൺസുലേറ്റിന്റെയും സഹകരണത്തോടെ, ഈജിപ്ഷ്യൻ ഇൻഫ്ലുവൻസർ ഹുസൈൻ എൽ ഗോഹാരിയുടെ ഇടപെടലാണ് നടപടികൾ വേഗത്തിലാക്കിയത്. അലക്സാൻഡ്രിയയിൽ അഹമ്മദിനെ സംസ്കരിച്ചു. പുകവലി, മദ്യപാനം, അല്ലെങ്കിൽ ഗുരുതര രോഗങ്ങൾ എന്നിവ ഉണ്ടായിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി.
മൂന്ന് വർഷം മുമ്പ് ഭാര്യയെ നഷ്ടപ്പെട്ട അഹമ്മദിന്റെ പിതാവിന് ഏക മകന്റെ വേർപാട് താങ്ങാനായില്ല. കുഴഞ്ഞുവീഴുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഭാര്യയുമായി സംസാരിച്ചിരുന്ന അഹമ്മദ്, ജോലിയിലെ സമ്മർദ്ദത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. താൻ വളരെ ക്ഷീണിതനാണ്, മറ്റൊരു ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നു എന്ന് അയാൾ ഭാര്യയോട് പറഞ്ഞിരുന്നതായി മഹ്‌റൂസ് ഓർക്കുന്നു. എന്നാൽ വിധി അതിന് സമയം നൽകിയില്ല.