ദുബൈ – ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയ്ക്കിടെ നഷ്ടപ്പെട്ട തമിഴ്‌നാട്ടിൽ നിന്നുള്ള പ്രശസ്ത യൂട്യൂബറുടെ ഫോൺ സ്വദേശത്തേക്ക് എത്തിച്ചുനൽകി ദുബൈ പോലീസ്. ദുബൈ പോലീസിന്റെയും എമിറേറ്റ്സ് എയർലൈൻസിന്റെയും സഹായത്തോടെ യൂട്യൂബർ മദൻ ഗൗരിയുടെ ഫോണാണ് വിമാനത്താവളത്തിൽനിന്നും കണ്ടെടുത്ത് തിരികെ നൽകിയത്.
കഴിഞ്ഞയാഴ്ചയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയ്ക്കിടെ ഫോൺ നഷ്ടപ്പെട്ടത്. ഇക്കാര്യം ഗൗരി തന്നെയാണ് സാമൂഹ്യ മാധ്യങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഫോൺ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നാണ് ഇയാൾ കരുതിയത്. വിമാനത്താവള ജീവനക്കാരെ സമീപിച്ചപ്പോൾ, സ്ഥിരീകരണത്തിനായി ഫോണിന്റെ വിശദാംശങ്ങൾ ഇമെയിൽ ചെയ്യാൻ ആവശ്യപ്പെട്ടു.
ചെന്നൈയിൽ തിരിച്ചെത്തിയ ഉടനെ ഗൗരിക്ക് തന്റെ ഫോൺ കണ്ടെത്തിയെന്ന് സ്ഥിരീകരിക്കുന്ന ഇമെയിൽ സന്ദേശം ലഭിച്ചു. താമസിയാതെ ദുബൈ പോലീസ്, എമിറേറ്റ്‌സുമായി സഹകരിച്ച്, ചെന്നൈയിലേക്കുള്ള അടുത്ത വിമാനത്തിൽ മൊബൈൽ ഫോൺ സൗജന്യമായി തിരികെ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു.
സന്ദർശകരുടെ വസ്തുക്കൾ സംരക്ഷിക്കുന്നതിൽ ദുബൈ പോലീസ് കാണിക്കുന്ന പ്രതിബദ്ധതയെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രശംസിച്ചു. വിശ്വാസത്തിന്റെയും കരുതലിൻ്റെയും ആതിഥ്യമര്യാദയുടെയും നഗരമെന്ന നിലയിൽ ദുബൈയുടെ ആഗോള പ്രതിച്ഛായയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ പ്രവർത്തിയെന്ന് പലരും അഭിപ്രായപ്പെട്ടു.