ദുബായ് : ദുബായ് യുടെ വളർച്ചയ്ക്കും വികസനത്തിനും വലിയ രീതിയിൽ സംഭാവന ചെയ്യുന്ന തൊഴിലാളി സമൂഹത്തിന് ആദരവ് അർപ്പിക്കുന്നതിനു വേണ്ടി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് മെഗാ പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നു.”നേട്ടങ്ങൾ ആഘോഷിക്കുന്നു, ഭാവി കെട്ടിപ്പടുക്കുന്നു’ എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് പരിപാടി.
ദുബായ് അൽഖുസ് മേഖലയിലാണ് പ്രധാന ആഘോഷ പരിപാടികൾ നടക്കുന്നത്. തൊഴിലാളികളുടെ സംഭാവനകൾ അംഗീകരിക്കുന്നതിനും അവരെ ആദരിക്കുന്നതിനും വേണ്ടിയാണ് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നതെന്ന് ദുബായ് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രമുഖ ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ, ഗായിക കനിക കപൂർ, നടന്മാരായ റോമൻ ഖാൻ, വിശാൽ കോട്ടിയൻ, ഗായകനും സംവിധായകനുമായ രോഹിത് ശ്യാം റൗട്ട് എന്നിവർ അതിഥികളായി പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തിലധികം തൊഴിലാളികൾ ആഘോഷ പരിപാടിയിൽ പങ്കെടുക്കും. ഡിസംബർ 31 ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന പരിപാടി, അർദ്ധരാത്രി വരെ തുടരും. 2025 വർഷം പിറക്കുമ്പോൾ വെടിക്കെട്ടും ഉണ്ടാകും.
അന്താരാഷ്ട്ര കലാകാരന്മാരുടെ വിവിധ സംഗീത പ്രകടനങ്ങൾ, അതിശയിപ്പിക്കുന്ന അക്രോബാറ്റിക് ഷോകൾ, സവിശേഷമായ ഉത്സവ അന്തരീക്ഷം സൃഷ്ടിക്കുന്ന ഡിജെ സെറ്റുകൾ, സാംസ്കാരികവും കലാപരവുമായ വൈവിധ്യങ്ങൾ പ്രദർശിപ്പിക്കുന്ന ആഗോള ടീമുകളുടെ പ്രകടനങ്ങൾ എന്നിവയും ആഘോഷ ചടങ്ങുകൾക്ക് മാറ്റുകൂട്ടുവാൻ ഉണ്ടാകുമെന്ന് ദുബായ് ജിഡിആർഎഫ്എ അസിസ്റ്റന്‍റ് ഡയറക്ടറും ദുബായ് തൊഴിൽ കാര്യ സ്ഥിരം സമിതിയുടെ ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അറിയിച്ചു.തൊഴിലാളികളെ ആദരിക്കുന്നത് സാമൂഹിക ഐക്യം വളർത്തുന്നതിനും എല്ലാവരെയും ആഘോഷത്തിന്‍റെ ഭാഗമാക്കി മാറ്റുന്നതിനും ഉപകരിക്കുമെന്ന് ജിഡിആർഎഫ്എ ദുബായ് ഡപ്യൂട്ടി ഡയറക്ടർ ജനറലും ദുബായിലെ തൊഴിൽകാര്യ സ്ഥിരം സമിതി ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.
ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് സന്തോഷം പകരുന്നതിന് വേണ്ടി ഡു, ദുബായ് ഡ്യൂട്ടി ഫ്രീ, എല്ലിങ്ടൺ പ്രോപ്പർട്ടീസ്, അത്രങ്ങി ആപ്പ്, അൽ ഫത്താൻ തുടങ്ങിയവ നൽകുന്ന വിലയേറിയ സമ്മാനങ്ങളും ഉണ്ടാകും. കാറുകൾ, സ്വർണ്ണം, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഇലക്ട്രിക് സ്കൂട്ടറുകൾ, യാത്രാ ടിക്കറ്റുകൾ, ക്യാഷ് പ്രൈസുകൾ, 100 സ്മാർട്ട് മൊബൈൽ ഫോണുകൾ എന്നിവ ഉൾപ്പെടുന്ന വിവിധ സമ്മാനങ്ങളുമുണ്ട്. ജിഡിആർഎഫ്എ ദുബായിലെ വർക്ക് റെഗുലേഷൻ സെക്ടറിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടർ മേജർ ജനറൽ ഡോ. അലി അബ്ദുല്ല ബിൻ അജിഫ്, ടെലികോം സേവന ദാതാക്കളായ ഡു സർക്കാർ റിലേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് അബുറുഹൈമ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.