ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സുഖവാസ കേന്ദ്രം ദുബായിൽ നിർമിക്കുമെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ‘ഥീറം ദുബൈ’ എന്നുപേരിട്ട പദ്ധതി സബീൽ പാർക്കിൽ 2028ൽ നിർമ്മാണം പൂർത്തിയാക്കും.
ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033-ന്‍റെ ഭാഗമായാണ് റിസോർട്ട് നിർമിക്കുന്നത്.
100 മീറ്റർ ഉയരത്തിലുള്ള ഈ നിർമ്മിതിക്ക് 2 ബില്യൺ ദിർഹമാണ് നിർമാണ ചെലവ്. പദ്ധതിയിൽ ഒരു പാർക്കും ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ബൊട്ടാണിക്കൽ ഗാർഡണും ഉൾപ്പെടും. പ്രതിവർഷം 1.7 ദശലക്ഷം പേർക്ക് സന്ദർശിക്കാൻ സാധിക്കുന്ന ഒരു ഇന്‍ററാക്ടീവ് പാർക്കാകും ഇതിന്‍റെ ഭാഗമായി നിർമിക്കുക.
മിഷേലിൻ-സ്റ്റാർ റസ്റ്റാറന്റ്, 18 മീറ്റർ ഉയരമുള്ള മൂന്ന് വെള്ളച്ചാട്ടങ്ങൾ, 4500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഇൻഡോർ, ടെറസ് പൂളുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടും. കൂടാതെ വലിയ കളിസ്ഥലത്ത് 15 വാട്ടർ സ്ലൈഡുകളും വൈവിധ്യമാർന്ന കലാ ഇൻസ്റ്റാലേഷനുകളും നിർമിക്കും. ന്യൂയോർക്കിലെ സാംസ്കാരിക കേന്ദ്രമായ ‘ദ ഷെഡ്’, ഷികാഗോ യൂണിവേഴ്സിറ്റി കെട്ടിടം തുടങ്ങിയ ശ്രദ്ധേയമായ പദ്ധതികൾക്ക് മുമ്പ് മേൽനോട്ടം വഹിച്ച ഡി.എസ്+ആർ(ഡില്ലർ സ്കോഫിഡിയോ + റെൻഫ്രോ) കമ്പനിയാണ് ആണ് പദ്ധതി രൂപകൽപന ചെയ്തത്.
500,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന റിസോർട്ടിൽ ‘പുനഃസ്ഥാപിക്കുക, വിശ്രമിക്കുക, കളിക്കുക’ എന്നിവക്കായി മൂന്ന് മേഖലകളുണ്ട്. നഗര ജൈവവൈവിധ്യവും പാരിസ്ഥിതിക സുസ്ഥിരതയും വർധിപ്പിക്കുന്നതിനും ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും സമ്പന്നമായ അനുഭവങ്ങൾ സമ്മാനിക്കാനുമുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് കിരീടാവകാശി പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച താമസസ്ഥലമായി ദുബായിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ 2024 മെയിലാണ് ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033 തുടങ്ങിയത്. പാർക്കുകൾ, ബീച്ചുകൾ തുടങ്ങിയ പൊതു സൗകര്യങ്ങളുടെ വികസനവും ഈ സംരംഭത്തിന്റെ ഭാഗമായി നടക്കും.