ദുബൈ – എമിറേറ്റിലെ 157 സ്കൂൾ ജീവനക്കാർക്കും, 60 യൂനിവേഴ്സിറ്റി ഫാക്കൽറ്റികൾക്കും ആറ് നഴ്സറി അധ്യാപകർക്കുമടക്കം 223 മികച്ച അധ്യാപകർക്ക് ദുബൈ ഗോൾഡൻ വിസ അനുവദിച്ചു. ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിർദേശത്തെ തുടർന്നാണ് പത്തുവർഷ വിസ അനുവദിച്ചത്. കഴിഞ്ഞ വർഷം ലോക അധ്യാപക ദിനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. സമൂഹത്തിനും വിദ്യഭ്യാസ മേഖലക്കും നൽകിവരുന്ന സംഭാവനകളെ മാനിച്ചുകൊണ്ടാണ് വിവിധ ആനുകൂല്യങ്ങളുള്ള വിസ അനുവദിച്ചത്.
പദ്ധതിയുടെ ആദ്യ റൗണ്ടിൽ 435 അപേക്ഷകളാണ് ഗോൾഡൻ വിസക്കായി ലഭിച്ചത്. അതിൽ നിന്ന് 223 അധ്യാപകരെ തിരഞ്ഞെടുത്താണ് വിസ അനുവദിച്ചത്.
വിവിധ യോഗ്യതകൾ, നേട്ടങ്ങൾ,വിദ്യാഭ്യാസത്തിനും സമൂഹത്തിനും നൽകിയ സംഭാവനകൾ, വിദ്യാർഥികളിൽ നിന്നും മാതാപിതാക്കളിൽ നിന്നുമുള്ള പോസിറ്റീവ് ഫീഡ്‌ബാക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുത്തത്. അധ്യാപകർക്കായി രണ്ടാം റൗണ്ട് ഗോൾഡൻ വിസകൾക്കുള്ള അപേക്ഷകൾ 2025 ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ സ്വീകരിക്കും.