ദുബായ്: ഭാര്യയെ തെറ്റിദ്ധരിപ്പിച്ച് വീട്ടില്‍ നിന്ന് മാറ്റിപാര്‍പ്പിച്ച ശേഷം കാമുകിയെ വിളിച്ചു വരുത്തി മദ്യസേവ നടത്തുകയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്ത് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഘാന സ്വദേശിയുടെ വിചാരണ ദുബായ് കോടതിയില്‍ ആരംഭിച്ചു. കാമുകിയായ 32 വയസ്സുള്ള നൈജീരിയക്കാരിയെ ആണ് ഈ 38കാരന്‍ കൊലപ്പെടുത്തിയത്. 2024 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് ദുബായ് പൊലീസിന്റെ അന്വേഷണ രേഖകള്‍ വ്യക്തമാക്കുന്നു. സംഭവം നടന്ന് 24 മണിക്കൂറിനകം തന്നെ പ്രതിയെ ദുബായ് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
ഇവര്‍ താമസിച്ചിരുന്ന അപാര്‍ട്‌മെന്റ് കെട്ടിടത്തിലെ അഗ്നിശമന സംവിധാനം പരിശോധിക്കാനെത്തിയ സേഫ്റ്റി ഇന്‍സ്‌പെക്ടര്‍മാരാണ് പ്രതിയുടെ ഫ്‌ളാറ്റില്‍ നിന്ന് അസ്വാഭാവിക മണം പുറത്തു വരുന്നതായി ശ്രദ്ധിച്ചത്. അകത്ത് പ്രവേശിച്ച് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കുറത്ത തുണി കൊണ്ട് മൂടിയിട്ടതായി കണ്ടെത്തിയത്. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സംഘവും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ 24 മണിക്കൂറിനകം തന്നെ പ്രതിയെ പൊലീസ് പിടികൂടി.
പ്രതിയും ഭാര്യയും ഉള്‍പ്പെടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കിട്ട് താമസിച്ചിരുന്ന ഫ്‌ളാറ്റിലാണ് സംഭവമെന്ന് അന്വേഷണ റിപോര്‍ട്ട് പറയുന്നു. സംഭവ ദിവസത്തിന് രണ്ടു ദിവസം മുമ്പ്, ഫ്‌ളാറ്റിന്റെ വാടക കരാര്‍ അവസാനിച്ചെന്നും ഉടമ പുതുക്കുന്നില്ലെന്നും പറഞ്ഞ് എല്ലാ താമസക്കാരോടും ഒഴിയാന്‍ പറഞ്ഞിരുന്നു. പ്രതി തന്റെ ഭാര്യയെ സുഹൃത്തുക്കളുടെ കൂടെ താമസിക്കാന്‍ വിടുകുയം ചെയ്തു. ഫ്‌ളാറ്റില്‍ നിന്നും എല്ലാവരേയും ഒഴിവാക്കിയ ശേഷമാണ് പ്രതി തന്റെ കാമുകിയെ രാത്രി ഇവിടേക്ക് വിളിച്ചു വരുത്തിയത്. രണ്ടു ബോട്ടില്‍ മദ്യം ഇരുവരും അകത്താക്കിയതായും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായും പ്രതിയുടെ മൊഴിയിലുണ്ട്. കാമുകി കൂടുതല്‍ മദ്യം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ കലഹമുണ്ടായി. ഇതിനിടെയാണ് പ്രതി കാമുകിയെ തലക്കടിച്ച് കൊലപ്പെടുത്തിയത്. യുവതി രക്തം വാര്‍ന്നാണ് മരിച്ചത്. മൃതദേഹം തുണി കൊണ്ട് മൂടിയ ശേഷം പ്രതി സ്ഥലം വിടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും നടന്നതെല്ലാം വെളിപ്പെടുത്തുകയും ചെയ്തു. കേസ് പൊലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നു. ശേഷം വിചാരണക്കായി കോടതിക്കും കൈമാറി.