ഫുജൈറ:എമിറേറ്റിൽ ചരിത്രാതീത കാലത്ത് മനുഷ്യവാസമുണ്ടായിരുന്നത് സംബന്ധിച്ച് നിർണായക തെളിവുകൾ കണ്ടെത്തി ഗവേഷകർ. ഫുജൈറ സർക്കാറിന്റെ നിർദേശപ്രകാരം എമിറേറ്റിലെ ടൂറിസം, പുരാവസ്തു വകുപ്പ്, ജർമനിയിലെ ജെന സർവകലാശാല, യു.കെയിലെ ഓക്സ്ഫോർഡ് ബ്രൂക്ക്സ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുടെ സംഘമാണ് കണ്ടുപിടിത്തത്തിന് നേതൃത്വം നൽകിയത്. 13,000 മുതൽ 75,000 വർഷങ്ങൾക്കുമുമ്പ് അൽ ഹബാബ് മേഖലയിലെ ജബൽ കാഫ് അദോറിലെ പാറക്കെട്ട് ഭാഗത്ത് ജനവാസമുണ്ടായിരുന്നതായി പുതിയ കണ്ടെത്തലുകൾ വ്യക്തമാക്കുന്നു.
തെക്കുകിഴക്കൻ അറേബ്യയിൽ ഏകദേശം 7000 വർഷങ്ങൾക്കുമുമ്പ് ജനവാസമില്ലായിരുന്നെന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നത്. പുതിയ കണ്ടുപിടിത്തം ഈ ധാരണകളെ തിരുത്തുകയും പുരാവസ്തു രേഖകളിലെ വിടവുകൾ നികത്തുകയും പ്രദേശത്തെ മനുഷ്യവാസത്തെക്കുറിച്ച പുത്തൻ അനുമാനങ്ങളിലേക്ക് വെളിച്ചംവീശുകയും ചെയ്യുന്നുണ്ട്.
പുരാവസ്തുക്കളുടെയും പൈതൃക മേഖലയുടെയും വികസനത്തിനും ശാസ്ത്രീയ വിജ്ഞാനത്തിന്റെയും അന്താരാഷ്ട്ര നിലവാരത്തിന്റെയും അടിസ്ഥാനത്തിൽ പുരാവസ്തു പഠനങ്ങൾ നടത്തുന്നതിനും വകുപ്പിന്റെ ശ്രമങ്ങൾ സമർപ്പിക്കുകയാണെന്ന് ഫുജൈറ ടൂറിസം ആൻഡ് ആൻറിക്വിറ്റീസ് അതോറിറ്റി ഡയറക്ടർ സഈദ് അൽ സമാഹി പറഞ്ഞു. എമിറേറ്റിലെ മനുഷ്യവാസത്തിന്റെ ചരിത്രം തിരുത്തിയെഴുതുന്ന സുപ്രധാന പുരാവസ്തു കണ്ടെത്തലിൽ അഭിമാനിക്കുന്നതായി ഫുജൈറ നാചുറൽ റിസോഴ്സസ് കോർപറേഷൻ ഡയറക്ടർ അലി ഖാസിം പറഞ്ഞു.
അന്താരാഷ്ട്ര വിദഗ്ധരുമായും അഭിമാനകരമായ ഗവേഷണ സ്ഥാപനങ്ങളുമായുമുള്ള സഹകരണം അഭൂതപൂർവമായ ഫലങ്ങൾ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.