അബൂദാബി – യു.എ.ഇയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ഡോ. ദീപക് മിത്തല്‍ ചുമതലയേറ്റു. മുൻ അംബാസഡർ സഞ്ജയ് സുധീർ വിരമിച്ച ഒഴിവിലാണ് നിയമനം. 1998 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ഡോ. ദീപക് മിത്തല്‍ ഈജിപ്ത്, ഇസ്രായേല്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായിരുന്നു. വിയറ്റ്‌നാമില്‍ കോണ്‍സുല്‍ ജനറലായും 2020 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഓഫിസില്‍ ഡയറക്ടര്‍, അഡീഷനല്‍ സെക്രട്ടറി എന്നീ പദവികളും ഡോ. ദീപക് മിത്തൽ വഹിച്ചു. അഫ്ഗാനിസ്താനില്‍ നിന്ന് യു.എസ് സൈന്യത്തെ പിന്‍വലിച്ച ശേഷം താലിബാനുമായി ഇന്ത്യയുടെ നയതന്ത്രബന്ധം സ്ഥാപിച്ചതില്‍ ഡോ. ദീപക് മിത്തല്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. വ്യാപാര, നിക്ഷേപ, ഊര്‍ജ, സാങ്കേതിക വിദ്യാ രംഗങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ ഡോ. ദീപക് മിത്തലിനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



