അബൂദാബി – കഴിഞ്ഞ ദിവസം അബൂദബിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ അഞ്ച് ആയി. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി ഇന്ന് മരിച്ചു. മാതാപിതാക്കളും മറ്റൊരു കുട്ടിയും അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവെയാണ് നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങിയത്. കൊണ്ടോട്ടി തൃപ്പനച്ചി കിഴശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്‌സാന അബ്ദുൽ റസാഖിന്റെയും മകൻ അസാം ബിൻ അബ്ദുല്ലത്തീഫി (8)ന്റെ മരണമാണ് ഒടുവിൽ സ്ഥിരീകരിച്ചിരിക്കുന്നത്.
അസാമിന്റെ സഹോദരങ്ങളായ അഷാസ്, അമ്മാർ, അയാഷ് എന്നിവരും ഇവരുടെ ഹൗസ് മെയ്ഡ് ആയിരുന്ന ബുഷ്‌റയും ഇന്നലെ തന്നെ മരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ മാതാപിതാക്കളായ അബ്ദുൽ ലത്തീഫ്, റുക്‌സാന എന്നിവരും മറ്റൊരു കുട്ടിയും ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മരിച്ച നാല് കുട്ടികളുടെയും മൃതദേഹം യുഎഇയിൽ തന്നെ കബറടക്കും. അതിനിടെ കുട്ടികൾക്കൊപ്പം അപകടത്തിൽ ജീവൻ നഷ്ടമായ മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷ്‌റയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുണ്ട്.
ദുബൈയിൽ റിയൽ എസ്‌റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന അബ്ദുൽ ലത്തീഫും കുടുംബവും പ്രസിദ്ധമായ ലിവ ഫെസ്റ്റിവർ കണ്ട് മടങ്ങുമ്പോഴായാരുന്നു അപകടം. അബൂദബി-ദുബൈ റോഡിൽ ഷഹാമക്ക് ഇവർ സഞ്ചരിച്ച നിസാൻ പട്രോൾ കാർ നിയന്ത്രണം വിട്ട് മറിയികുകയായിരുന്നു.



