ദുബൈ– മേഖലയിലുടനീളം അനിശ്ചിതത്വം നിലനിൽക്കുന്ന സമയത്ത്, ദുബൈയിലെ ഏറ്റവും വലിയ വന്യജീവി പാർക്കായ ദുബൈ സഫാരി പാർക്കിൽ വെള്ള കാണ്ടാമൃഗത്തിന്റെ കുഞ്ഞ് പിറന്നു. വംശനാശഭീഷണി നേരിടുന്ന ഈ ജീവിവർഗത്തിൽ അമ്മ ഒലിവിന് ആരോഗ്യമുള്ള ഒരു ആൺ കാണ്ടാമൃഗ കുഞ്ഞാണ് ജനിച്ചത്. മേഖലയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ സലാം (സമാധാനം) എന്നാണ് കുഞ്ഞൻ കാണ്ടാമൃഗത്തിന് പേരിട്ടത്. പാർക്കിന്റെ പ്രജനന പ്രോഗ്രാമിലൂടെ ജനിക്കുന്ന രണ്ടാമത്തെ വെളുത്ത കാണ്ടാമൃഗമാണ് സലാം. 73.5 കിലോയാണ് കുഞ്ഞിന്റെ തൂക്കം. സ്വന്തമായി നിൽക്കാനും നടക്കാനും കുഞ്ഞിന് ശേഷിയുണ്ടെന്നും പാർക്കിലെ ജന്തുശാസ്ത്ര സംഘത്തിന്റെ പരിചരണത്തിലാണെന്നും അധികൃതർ അറിയിച്ചു.
നേരത്തെ 2024 ൽ ജനിച്ച കുഞ്ഞിന് ഒനിക്സ് എന്നാണ് പേരിട്ടിരുന്നത്. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂനിയന്റെ കണക്ക് പ്രകാരം 15,700 വെള്ള കാണ്ടാമൃഗങ്ങൾ മാത്രമാണ് ലോകത്തുള്ളത്.



