ദുബൈ-ഷാർജ റോളയിലെ ഫ്ലാറ്റിൽ മലയാളി യുവതി അതുല്യ (30) തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം പൊലീസ് കൂടുതൽ അന്വേഷണത്തിലേക്ക് കടക്കും.
അതുല്യയുടെ സഹോദരി ഭർത്താവ് ഗോകുലും മറ്റ് ബന്ധുക്കളും തിങ്കളാഴ്ച്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിന് ശേഷം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായും ഇവർ കൂടിക്കാഴ്ച നടത്തി. അതുല്യയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ പിന്തുണ ആവശ്യപ്പെട്ടാണ് ഇവർ കോൺസുലേറ്റ് അധികൃതരെ സമീപിച്ചത്.
നേരെത്തെ മരണത്തിൽ അന്വേഷണം ആവശ‍്യപ്പെട്ട് കുടുംബം ഷാർജ പൊലീസിൽ പരാതി നൽകിയിരുന്നു. നാട്ടിലെ കേസ് വിവരങ്ങളും പീഡനത്തിന്‍റെ ദൃശ‍്യങ്ങൾ ഉൾപ്പെടെ പെലീസിനു നൽകിയിട്ടുണ്ട്.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികൾക്കൊപ്പമാണ് അതുല‍്യയുടെ സഹോദരി അഖില, സഹോദരി ഭർത്താവ് ഗോകുൽ എന്നിവർ പൊലീസിൽ പരാതി നൽകിയത്.
മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഭർത്താവായ സതീഷ് ശങ്കർ മദ്യപിച്ചു എത്തി നിരന്തരമായി അതുല്യയെ ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. അതുല്യയുടെ മാതാവ് തുളസിഭായിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. വെള്ളിയാഴ്ചയാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.