ദുബൈ – ശ്രീലങ്കക്ക് എതിരെ നടന്ന അവസാനം സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യക്ക് ജയം. ആവേശകരമായ മത്സരത്തിൽ സൂപ്പർ ഓവറിലായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ അഭിഷേകിൻ്റെ മറ്റൊരു വെടിക്കെട്ട് ബാറ്റിങ് കരുത്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു. അതെ നാണയത്തിൽ തിരിച്ചടിച്ച ശ്രീലങ്ക നിസ്സങ്ക സിൽവയുടെ സെഞ്ച്വറി കരുത്തിൽ ഇതേ സ്കോർ പടുത്തുയർത്തിയപ്പോൾ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു.
സൂപ്പർ ഓവറിൽ രണ്ടു റൺസ് എടുക്കുന്നതിനിടെ രണ്ടും വിക്കറ്റും നഷ്ടപ്പെട്ട ശ്രീലങ്കക്കെതിരെ ആദ്യ പന്തിൽ തന്നെ മൂന്നു റൺസ് ഓടിയെടുത്ത് സൂര്യകുമാർ വിജയം സമ്മാനിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പിഴച്ചു. നാലു റൺസുമായി ഓപ്പണർ ഗിൽ മടങ്ങിയപ്പോൾ മറുവശത്ത് അഭിഷേക് പ്രഹരം തുടങ്ങിക്കഴിഞ്ഞിരുന്നു. രണ്ടാം വിക്കറ്റ് കൂട്ട്കെട്ടിൽ സൂര്യകുമാറുമായി ചേർന്ന് 59 റൺസ് കൂട്ടി ചേർത്തു.
സ്കോർ 74ൽ നിൽക്കെ സൂര്യ 12 റൺസുമായി മടങ്ങി. വൈകാതെ 61 റൺസെടുത്ത അഭിഷേകും മടങ്ങിയതോടെ ഇന്ത്യ വീണ്ടും അവതാളത്തിലായി. പിന്നാലെ ക്രിസിലെത്തിയ തിലക് വർമ ( പുറത്താകാതെ 49), നാലാമനായി അവസരം ലഭിച്ച സഞ്ജു ( 39) എന്നിവർ തിളങ്ങിയതോടെ ഇന്ത്യൻ സ്കോർ ഉയർന്നു. ഹാർദിക് രണ്ടു റൺസുമായി മടങ്ങിയപ്പോൾ അക്സർ 21 റൺസുമായി പുറത്താക്കാതെ നിന്ന് 202 എന്ന കൂറ്റൻ സ്കോറിലെത്തിച്ചു.
മറുപടി ബാറ്റിങിന് ലങ്കക്ക് ആദ്യ ഓവറിൽ തന്നെ റൺസെന്നും എടുക്കാത്ത കുസൽ മെൻഡിസിനെ നഷ്ടമായി. രണ്ടാം വിക്കറ്റിൽ നിസ്സങ്ക – കുസൽ പെരേര എന്നിവരുടെ 127റൺസിന്റെ കൂട്ടുകെട്ടിൽ സ്കോർ 134 ൽ എത്തിച്ചു വിജയം ഏകദേശം ഉറപ്പിച്ചു. 58 റൺസുമായി പെരേര മടങ്ങിയതോടെ തുടരെ എത്തിയ താരങ്ങൾ നിസ്സങ്കക്ക് ഉറച്ച പിന്തുണ നൽകിയില്ല. അവസാന ഓവറിൽ വിജയിക്കാൻ 13 വേണമെന്നിരിക്കെ ആദ്യ പന്തിൽ തന്നെ നിസ്സങ്ക മടങ്ങി. പിന്നീട് ദസുൻ ഷനക ലിയാനഗെയുമായി ചേർന്നാണ് പോരാട്ടം സൂപ്പർ ഓവറിലേക്ക് എത്തിച്ചത്.
എന്നാൽ സൂപ്പർ ഓവർ എറിയാൻ എത്തിയ അർഷ്ദീപ് ആദ്യ പന്തിൽ തന്നെ പെരേരയെ മടക്കി പ്രഹരം നൽകി. അഞ്ചാം പന്തിൽ റൺസെന്നും എടുക്കാതെ ഷനകയും കൂടി മടങ്ങിയതോടെ ലങ്കയുടെ പോരാട്ടം അവസാനിച്ചു.
ഇന്ത്യ ആദ്യ പന്തിൽ തന്നെ ക്യാപ്റ്റൻ സൂര്യ മൂന്നു റൺസ് ഓടിയെടുത്ത് വിജയലക്ഷ്യം കണ്ടു.