ദുബൈ – ഇന്നലെ നടന്ന ഏഷ്യാ കപ്പ് സൂപ്പർ ഫോർ നിർണായക പോരാട്ടത്തിൽ ബംഗ്ലാദേശിനെ പാകിസ്ഥാൻ പരാജയപ്പെടുത്തിയതോടെ ക്രിക്കറ്റ് പ്രേമികളെല്ലാം കാത്തിരിക്കുന്നത് കലാശപ്പോരിനാണ്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും എന്നും ഉറപ്പായതോടെ ആരാധകരെങ്ങും വളരെ ആവേശത്തിലാണ്. ഏഷ്യൻ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ – പാകിസ്ഥാൻ കലാശപോരിന് ആരാധകർ സാക്ഷിയാകുന്നത്.
പാകിസ്ഥാനുമായുള്ള കലാശപോരിനു മുമ്പ് സൗഹൃദ മത്സരം എന്നപോലെ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ടു മണിക്ക് നടക്കുന്ന പോരാട്ടത്തിന്റെ ഫലം എന്തായാലും ഇന്ത്യൻ ടീമിനെ ബാധിക്കില്ല. എങ്കിലും ആത്മവിശ്വാസത്തോടെ ഫൈനലിൽ ഇറങ്ങുക എന്ന ലക്ഷ്യത്തോടെ കളിക്കുന്ന ഇന്ത്യ ജയം തന്നെയാകും ഉന്നം വെക്കുക.
വെടിക്കെട്ട് ബാറ്റ്സ്മാനായ ഓപ്പണർ അഭിഷേക് ശർമയാണ് ഇന്ത്യൻ ടീമിന്റെ ബാറ്റിങ് നട്ടെല്ല്. ആദ്യ മത്സരങ്ങളിൽ ഫോം കണ്ടെത്താൻ വിഷമിച്ച ഗിൽ കഴിഞ്ഞ രണ്ടു മത്സരത്തിലും ട്രാക്കിൽ വന്നത് ഇന്ത്യൻ ടീമിന് പ്രതീക്ഷകൾ നൽകുന്നു.
കഴിഞ്ഞ മത്സരത്തിൽ ഏഴാം ബാറ്റ്‌സ്മാനായിട്ടും അവസരം ലഭിക്കാതെയിരുന്ന മലയാളി താരം സഞ്ജു സാംസണും ഈ മത്സരം വളരെ നിർണായകമാകും.
സൂപ്പർ ഫോറിലെ ആശ്വാസ ജയം ലക്ഷ്യമിട്ടാണ് ശ്രീലങ്ക ഇന്നിറങ്ങുന്നത്. ഗ്രൂപ്പ് റൗണ്ടിലെ മൂന്നു മത്സരങ്ങളും ജയിച്ച് സൂപ്പർ ഫോറിലേക്ക് എത്തിയ സിംഹളർ രണ്ടു മത്സരങ്ങളും തോറ്റു പുറത്തായതാണ്.