ദുബായ്- യു.എ.ഇയിലെ നിരവധി നിക്ഷേപകർ ഉൾപ്പെടെ ആയിരക്കണക്കിന് പേരെ വഞ്ചിച്ച ഹീര ഗോൾഡ് അഴിമതിയുമായി ബന്ധപ്പെട്ട നിരവധി കേസുകളിലെ പ്രതിയും ഹീര ഗ്രൂപ്പിന്റെ സ്ഥാപകയുമായ നൗഹേര ഷെയ്ക്കിനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ടുകൾ ഹൈദരാബാദ് കോടതി ശരിവച്ചു. 2.36 ബില്യൺ ദിർഹം വിലമതിക്കുന്ന തട്ടിപ്പ് കേസിലെ പ്രതിയാണ് നൗഹേര ഷെയ്ഖ്. ഇന്ത്യൻ ക്രിമിനൽ നടപടിക്രമ നിയമത്തിലെ സെക്ഷൻ 70(2) പ്രകാരം മെയ് 19 ന് ഷെയ്ക്ക് സമർപ്പിച്ച നാല് വ്യത്യസ്ത ഹർജികൾ നമ്പള്ളി മെട്രോപൊളിറ്റൻ സെഷൻസ് കോടതി തള്ളി. കോടതിയിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് നിരവധി തവണ സമൻസ് അയച്ചെങ്കിലും ഇവർ അതൊന്നും അംഗീകരിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ന് ഉച്ചക്ക് 12.15 ന് ഷെഡ്യൂൾ ചെയ്ത സമയത്തും അവർ എത്തിയില്ല.
ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷനിൽ നൽകിയ പരാതിയുമായി ബന്ധപ്പെട്ടതാണ് ഇവർക്കെതിരായ ഒരു കേസ്, മറ്റൊന്ന് ഈ വർഷം ആദ്യം സാമ്പത്തിക കുറ്റകൃത്യ വിഭാഗം സമർപ്പിച്ച പുതിയ കേസുമായി ബന്ധപ്പെട്ടതാണ്. രണ്ട് കേസുകളിലും അടുത്ത വാദം കേൾക്കൽ ജൂൺ 3-ന് നടക്കും.
ഇന്ത്യയിലുടനീളം ഒന്നിലധികം ക്രിമിനൽ നടപടികൾ നേരിടുന്ന ഷെയ്ഖ്, ഹീര ഗോൾഡ്, ഹീര ടെക്സ്റ്റൈൽസ്, ഹീര ഫുഡെക്സ് എന്നിവയുൾപ്പെടെ ഹീര ഗ്രൂപ്പ് ബാനറിന് കീഴിലുള്ള വിവിധ സംരംഭങ്ങളിലൂടെ നിക്ഷേപകർക്ക് 36 ശതമാനം വരെ പ്രതിമാസ ലാഭവിഹിതവും 80 ശതമാനം വരെ വാർഷിക വരുമാനവും ആണ് ഇവർ വാഗ്ദാനം ചെയ്തിരുന്നത്.
തെക്കുകിഴക്കൻ ഏഷ്യയിലുടനീളം 100,000-ത്തിലധികം നിക്ഷേപകരിൽനിന്ന് ഇവർ കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ട്. തട്ടിപ്പിന് ഇരയായവരിൽ ആയിരങ്ങൾ യു.എ.ഇയിലാണ്. 100,000 ദിർഹം നിക്ഷേപിച്ചാൽ പ്രതിമാസം 3,250 ദിർഹമാണ് വരുമാനമായി വാഗ്ദാനം ചെയ്തിരുന്നത്.
2018-ൽ കമ്പനി ലാഭവിഹിതം വിതരണം ചെയ്യുന്നത് നിർത്തിവച്ചു, ഇത് പരിഭ്രാന്തി പരത്തി. ആ വർഷം അവസാനം നൗഹേര ഷെയ്ക്കിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. ജുമൈറ ലേക്ക് ടവേഴ്‌സിലെ ഓഫീസുകളും റാസൽഖൈമയിലെയും ഷാർജയിലെയും വെയർഹൗസുകളും ഉൾപ്പെടെയുള്ള ഹീര ഗോൾഡിന്റെ യുഎഇയിലെ ഓപ്പറേഷനുകൾ പിന്നീട് ഉപേക്ഷിക്കപ്പെട്ടു.
ഓൾ ഇന്ത്യ ഹീര ഗ്രൂപ്പ് വിക്ടിംസ് അസോസിയേഷന്റെ പ്രസിഡന്റും അഴിമതി വിരുദ്ധ പോരാളിയുമായ ഷഹബാസ് അഹമ്മദ് ഖാൻ കോടതി നടപടിയെ സ്വാഗതം ചെയ്തു. “ആളുകളുടെ ജീവൻ തകർന്നപ്പോഴും അവർ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. ജാമ്യമില്ലാ വാറണ്ടിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹീര പദ്ധതികളിൽ നിക്ഷേപം നടത്തിയ യുഎഇ നിവാസികളിൽ നിന്ന് പുതിയ പരാതികൾ ലഭിച്ചതായി ഖാൻ പറഞ്ഞു. “ആളുകൾ ഇപ്പോഴും നഷ്ടങ്ങളിൽ കഴിയുകയാണ്. ചിലർക്ക് വീടുകൾ പോലും നഷ്ടപ്പെട്ടു, കടക്കാർ അവരെ വേട്ടയാടുന്നു,” അദ്ദേഹം പറഞ്ഞു. ഈ വർഷം ആദ്യം, മൂന്ന് മാസത്തിനുള്ളിൽ 250 മില്യൺ രൂപ (ഏകദേശം 10.57 മില്യൺ ദിർഹം) കെട്ടിവയ്ക്കണമെന്ന് ഇന്ത്യൻ സുപ്രീം കോടതി ഷെയ്ക്കിനോട് നിർദ്ദേശിച്ചിരുന്നു. ഇല്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ ഉത്തരവ് ഇതേവരെ അവർ പാലിച്ചിട്ടില്ല.
അതേസമയം, ഹീര ഗ്രൂപ്പുമായി ബന്ധപ്പെട്ട 124 സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്.