ദുബായ്: ദുബായ് എമിറേറ്റില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളും എക്‌സ്പ്രസ് സ്റ്റോറുകളും ഉള്‍പ്പെടെ വിവിധ റീട്ടെയില്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി ദുബായ് ഔഖാഫും ലുലു ഗ്രൂപ്പും ധാരണയായി. ഇത് പ്രകാരം വിവിധ ഷോപ്പിംഗ് കേന്ദ്രങ്ങളടക്കം ദുബായില്‍ വരാനിരിക്കുന്ന കമ്യൂണിറ്റി പദ്ധതികള്‍ ഔഖാഫിന്റെ സഹകരണത്തോടെ ലുലു യാഥാര്‍ത്ഥ്യമാക്കും.
ദുബായ് ഔഖാഫ് ആന്‍ഡ് മൈനേഴ്‌സ് അഫേഴസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഈസ അബ്ദുള്ള അല്‍ ഗുറൈര്‍, ലുലു ഗ്രുപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ദുബായ് ഔഖാഫ് സെക്രട്ടറി ജനറല്‍ അലി അല്‍ മുത്തവ, ലുലു റീട്ടെയ്ല്‍ ഗ്ലോബല്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ എം.എ സലിം എന്നിവര്‍ ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പു വെച്ചു. പദ്ധതിയുടെ ഭാഗമായി ആദ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ഈ വര്‍ഷം പകുതിയോടെ ദുബായ് അല്‍ ഖവാനീജ് 2 ല്‍ തുടങ്ങും.
റീട്ടെയില്‍ സേവനങ്ങള്‍ നല്‍കുന്നതിനായി ലുലുവിനെ തിരഞ്ഞെടുത്തതില്‍ ദുബായ് ഭരണ നേതൃത്വത്തിനും ദുബായ് ഔഖാഫിനും യൂസഫലി നന്ദി പറഞ്ഞു. ഔഖാഫിന്റെ വിവിധ പദ്ധതികൾഹൈപ്പര്‍ മാര്‍ക്കറ്റുകളുള്‍പ്പെടെ റീട്ടെയില്‍ സേവനങ്ങള്‍ കൂടുതല്‍ വിപുലമായി പൊതുസമൂഹത്തിന് ലഭ്യമാക്കുന്നതിന് ഔഖാഫും ലുലുവും തമ്മിലുള്ള സഹകരണം വഴി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.