അബൂദാബി – അബൂദാബിയിലെ സായിദ് ദേശീയ മ്യൂസിയം ഡിസംബർ മൂന്നിന് പൊതുജനങ്ങൾക്കായി തുറക്കും. ലൂവ്ര് അബൂദാബി, ടീം ലാബ് ഫിനോമിന, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ഗുഗ്ഗൻഹൈം അബൂദാബി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന അബൂദാബി സഅദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിലാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്.
സാംസ്കാരിക പൈതൃകം, വിദ്യാഭ്യാസം, ദേശീയ സ്വത്വം എന്നിവയോടുള്ള ഷെയ്ഖ് സായിദിന്റെ പ്രതിബദ്ധതയെ മ്യൂസിയം ആദരിക്കുന്നുവെന്ന് സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു.
പുരാതന കാലം മുതൽ ഇന്നുവരെയുള്ള യുഎഇയുടെ ചരിത്രം ഒരു സമഗ്രമായ യാത്രാനുഭവത്തിലൂടെ മ്യൂസിയം സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കും.
മ്യൂസിയത്തിന്റെ ശേഖരത്തിൽ 3,000ത്തിലധികം വസ്തുക്കളുണ്ട്. ഇതിൽ 1,500 എണ്ണം പ്രദർശനത്തിനുണ്ടാകും. പുരാവസ്തുക്കളും ചരിത്രപരമായ വസ്തുക്കളും ഓഡിയോവിഷ്വൽ അനുഭവങ്ങളും സമകാലിക ഇൻസ്റ്റാളേഷനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഷെയ്ഖ് സായിദിന്റെ ജീവിതവും നേതൃത്വവും സമർപ്പിച്ച ‘ഔർ ബിഗിനിങ്’ എന്ന ഗാലറിയിൽ നിന്നാണ് സന്ദർശക യാത്ര ആരംഭിക്കുക. രാജ്യത്തെ വൈവിധ്യമാർന്ന ഭൂപ്രകൃതികൾ, 300,000 വർഷം പഴക്കമുള്ള ചരിത്രം, അറബിക് ഭാഷയുടെ വികാസം, ഇസ്ലാമിൻ്റ ആവിർഭാവം തുടങ്ങിയവ വിവരിക്കുന്ന മറ്റ് ഗാലറികളും മ്യൂസിയത്തിലൊരുക്കിയിട്ടുണ്ട്.
ലൂവ്ര് അബുദാബിക്കും നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിനും ഇടയിലുള്ള ‘അൽ മസാർ ഗാർഡൻ’എന്ന ഔട്ട്ഡോർ ഗാലറിയിലൂടെയാണ് മ്യൂസിയത്തിലേക്കുള്ള പ്രവേശനം.
ഇവിടെ ഷെയ്ഖ് സായിദിന്റെ ജീവിതം അടയാളപ്പെടുത്തുന്ന ശിൽപങ്ങളും ഫലജ് ജലസേചന സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. എർത്ത് റസ്റ്ററന്‍റ് ഉൾപ്പെടെയുള്ള ഭക്ഷണശാലകളും മ്യൂസിയത്തിൽ സജ്ജീകരിച്ചിരിക്കുന്നു. പ്രിറ്റ്സ്കർ പ്രൈസ് ജേതാവായ ലോർഡ് നോർമൻ ഫോസ്റ്ററാണ് മ്യൂസിയം രൂപകൽപന ചെയ്തിരിക്കുന്നത്. മ്യൂസിയം പ്രവേശനത്തിനുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.