അബുദാബി: അതിജീവിതകള്‍ക്ക് യു.എ.ഇ. ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി. യു.എ.ഇ. ആരോഗ്യമന്ത്രാലയമാണ് സുപ്രധാന നിയമമാറ്റം പ്രഖ്യാപിച്ചത്. ഇതിനായി ബലാത്സംഗത്തിനിരയായ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. പിന്നീട് പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗികറിപ്പോര്‍ട്ടുവഴി തെളിയിക്കുകയും വേണം. 120 ദിവസത്തിനുള്ളില്‍ ഗര്‍ഭച്ഛിദ്രം നടത്തിയിരിക്കണം. കൂടാതെ ഗര്‍ഭച്ഛിദ്രം നടത്തുന്നതിലൂടെ സ്ത്രീയുടെ ജീവന് അപകടങ്ങളുണ്ടാകരുത്.
യു.എ.ഇ.യില്‍ താമസം തുടങ്ങി കുറഞ്ഞത് ഒരു വര്‍ഷമെങ്കിലുമായവര്‍ക്കുമാത്രമാണ് നിയമം ബാധകം.
നിയമമാറ്റം യു.എ.ഇ.യുടെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചശേഷം പ്രാബല്യത്തിലാകും.
സ്ത്രീകളുടെ ആരോഗ്യവും സുരക്ഷയും ശക്തിപ്പെടുത്താന്‍ നിയമമാറ്റത്തിലൂടെയാവുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. യു.എ.ഇ.യുടെ ഗര്‍ഭച്ഛിദ്രനിയമങ്ങളിലെ ഏറ്റവും പുതിയ സുപ്രധാന മാറ്റമാണ് പുതിയ നിര്‍ദേശങ്ങള്‍.
അതേസമയം, അമ്മയുടെ ആരോഗ്യത്തിനോ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനോ അസ്വാഭാവികതയോ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ നിലവില്‍ നിയമം അനുവദിക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് രാജ്യത്തെ സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ സമ്മതമില്ലാതെ അടിയന്തരഗര്‍ഭച്ഛിദ്രം നടത്താന്‍ പ്രാപ്തമാകുന്ന നിയമം പ്രാബല്യത്തിലായത്.