ദുബായ്: താജിക്കിസ്ഥാൻ ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അബ്ദു റോസിക് ശനിയാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിലായതായി റോസിക് മാനേജിംഗ് കമ്പനി സ്ഥിരീകരിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മോണ്ടിനെഗ്രോയിൽ നിന്ന് ദുബായിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് സംഭവം. പുലർച്ചെ അഞ്ചു മണിയോടെയാണ് 21 കാരനെ അധികൃതർ കസ്റ്റഡിയിലെടുത്തത്. എന്ത് പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് വെളിപ്പെടുത്തിയിട്ടില്ല.ഇത് സംബന്ധിച്ച് അധികൃതർ ഔദ്യോഗിക പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല.
മോഷണക്കുറ്റം ആരോപിച്ച് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഞങ്ങൾക്ക് അറിയാമെന്ന് മാത്രമേ പറയാൻ കഴിയൂ, ”കൂടുതൽ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചുകൊണ്ട് കമ്പനി പ്രതിനിധി പറഞ്ഞതായാണ് റിപ്പോർട്ടുള്ളത്.
വളർച്ചാ ഹോർമോണിന്റെ കുറവ് കാരണം ഉയരക്കുറവുള്ള റോസിക്, മേഖലയിലെ ഏറ്റവും അറിയപ്പെടുന്ന യുവ സെലിബ്രിറ്റികളിൽ ഒരാളാണ്. യുഎഇ ഗോൾഡൻ വിസ കൈവശം വച്ചിട്ടുള്ള അദ്ദേഹം വർഷങ്ങളായി ദുബായിലാണ് താമസിക്കുന്നത്. ബിഗ് ബോസ് 16 ഉൾപ്പെടെയുള്ള സംഗീതം, വൈറൽ വീഡിയോകൾ, റിയാലിറ്റി ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെയാണ് അദ്ദേഹത്തിന്റെ ജനപ്രീതി വർദ്ധിച്ചത്.
2024-ൽ, ദുബായിലെ കൊക്കക്കോള അരീനയിൽ ബോക്സിംഗിൽ അരങ്ങേറ്റം കുറിച്ച റോസിക്, യു.കെയിൽ തന്റെ റസ്റ്റോറന്റ് ബ്രാൻഡായ ഹബീബി ആരംഭിച്ചു. അതേ വർഷം തന്നെ, ഒരു ഹോസ്പിറ്റാലിറ്റി സ്ഥാപനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ ഇന്ത്യയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നെങ്കിലും പ്രതിയാക്കിയിരുന്നില്ല.