ഷാർജ : കാറിനുള്ളിൽ ഇരുത്തി ലോക്ക് ചെയ്തു പോയതിനെ തുടർന്ന് ഏഴ് വയസ്സുകാരൻ ശ്വാസം മുട്ടി മരിച്ചു.
ഏഴു വയസ്സുള്ള ഏഷ്യൻ സ്വദേശിയായ ബാലനാണ് മരിച്ചതെന്ന് ഷാർജ പോലീസ് അറിയിച്ചു.
ഇന്നലെ തിങ്കളാഴ്ച ഉച്ചയോടെയാണ് അൽ ഷഹബ ഏരിയയിൽ കാറിനുള്ളിൽ ഒരു കുട്ടി മരിച്ചതായി പോലീസ് ഓപ്പറേഷൻ റൂമിന് റിപ്പോർട്ട് ലഭിച്ചത്.
കുട്ടിയുടെ രക്ഷിതാവ് തൻറെ കുട്ടികളെ സ്കൂളിലെത്തിക്കാൻ ഒരു വനിതാ ഡ്രൈവർക്ക് കാറാർ നൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.സ്കൂളിൽ എത്തിയപ്പോൾ ഏഴ് വയസ്സുള്ള കുട്ടി ഒഴികെ എല്ലാവരും കാറിൽ നിന്ന് ഇറങ്ങി. തുടർന്ന് വനിതാ ഡ്രൈവർ കാർ സ്കൂളിൽ സമീപം പാർക്ക് ചെയ്ത് കാർ കാലിയാണെന്ന് ഉറപ്പാക്കാതെ ലോക്ക് ചെയ്യുകയായിരുന്നു.സ്കൂൾ ദിവസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വാഹനത്തിനുള്ളിൽ അനങ്ങാതെ കിടക്കുന്ന കുട്ടിയെ കണ്ടത്.
വൈകിട്ട് നാലരയോടെയാണ് കുട്ടിയെ അൽഖാസിമി ആശുപത്രിയിൽ പ്രവേശിച്ചതെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ലൈസൻസില്ലാത്ത ഡ്രൈവർമാരുമായി വിദ്യാർത്ഥികളെ സ്കൂളിൽ അയക്കുന്നത് അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കുട്ടികളെ കൊണ്ടുപോകാൻ നിയുക്ത സ്കൂൾ ബസുകൾ ഉപയോഗിക്കാൻ രക്ഷിതാക്കളോട് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.മരണപ്പെട്ട കുട്ടിയെ കുറിച്ച് കൂടുതൽ വിവങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.