അബുദാബി: യുഎഇയില്‍ ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സിന്റെ അനുമതി ഇല്ലാതെ ഖുര്‍ആന്‍ പഠന കോഴ്‌സുകള്‍ നല്‍കിയ 20 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പിഴ. മത ബോധവല്‍ക്കരണം, വീടുകളില്‍ പ്രബോധനം, സംഘം ചേരല്‍, ഖുര്‍ആന്‍ പഠിപ്പിക്കല്‍ എന്നിവ നടത്തുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന ലൈസന്‍സ് നിര്‍ബന്ധമാണെന്ന് മതകാര്യ അതോറിറ്റി ചെയര്‍മാന്‍ ഡോ. ഒമര്‍ അല്‍ ദെരെയ് അറിയിച്ചു. ഓണ്‍ലൈനായി ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും അനുമതി ഉണ്ടായിരിക്കണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴയും വിലക്കുകളും നേരിടേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുന്നറിയിപ്പു നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ ജനറല്‍ അതോറിറ്റി ഓഫ് റിലീജ്യസ് അഫയേഴ്‌സ് നടത്തി വരുന്നുണ്ട്. രാജ്യത്തിന്റെ സുരക്ഷയും സാമൂഹിക സ്ഥിരതയും മുന്‍നിര്‍ത്തിയാണ് ഈ നടപടികള്‍. നിയവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വീടുകളേയും മക്കളേയും കുടുംബത്തേയും സംരക്ഷിക്കുന്നതിന് സ്വദേശികളും സ്ഥിരതാമസക്കാരുള്‍ ഉള്‍പ്പെട്ട ഇമാറാത്തി സമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.
ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനും മനഃപാഠം പഠിപ്പിക്കുന്നതിനും രാജ്യത്തുടനീളം പ്രത്യേക കേന്ദ്രങ്ങളും പള്ളികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളും സ്മാര്‍ട് പ്ലാറ്റ്‌ഫോമും ജനറല്‍ അതോറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എന്‍ഡോവ്‌മെന്റ്‌സ് ആന്റ് സകാത്ത് ഒരുക്കിയിട്ടുണ്ട്. ഇത് എല്ലാ വിഭാഗം ആളുകള്‍ക്കും ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സേവനം ഉപയോഗപ്പെടുത്തണമെന്നും പ്രത്യയശാസ്ത്ര വ്യതിചലനം സംഭവിച്ചവരുടെ കെണിയില്‍പ്പെടരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.