ദുബൈ – ദുബൈ തീരത്ത് പ്രക്ഷുബ്ധമായ സമുദ്രത്തില്‍ നിയന്ത്രണം വിട്ട് കടല്‍ഭിത്തിക്കു സമീപം കരയിലേക്ക് ഇടിച്ചുകയറിയ കപ്പലില്‍ നിന്ന് ദുബൈ മാരിടൈം റെസ്‌ക്യൂ ടീം 14 പേരെ സാഹസികമായി രക്ഷിച്ചു.
ശക്തമായ കാറ്റും തിരമാലകളും രക്ഷാപ്രവര്‍ത്തനത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തി. എന്നാല്‍, സംഘത്തിന്റെ സമയോചിതമായ പ്രതികരണവും പ്രൊഫഷണലിസവും വലിയ ദുരന്തം ഒഴിവാക്കി. തങ്ങളുടെ ടീം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും സമാനമായ സാഹചര്യങ്ങളില്‍ നിരവധി അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഞങ്ങള്‍ പ്രതികരിച്ച നിരവധി സംഭവങ്ങളില്‍ ഒന്ന് മാത്രമാണിതെന്നും ദുബൈ പോലീസിനു കീഴിലെ മാരിടൈം റെസ്‌ക്യൂ യൂണിറ്റ് മേധാവി മേജര്‍ മര്‍വാന്‍ അല്‍ കഅബി പറഞ്ഞു.
മോശം കാലാവസ്ഥ കാരണം കപ്പല്‍ നിയന്ത്രണം നഷ്ടപ്പെട്ട് കടല്‍ഭിത്തിക്കു സമീപം അപകടകരമായ രീതിയില്‍ ഒഴുകി നീങ്ങുകയാണെന്ന് കണ്‍ട്രോള്‍ റൂമിന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഉടന്‍ തന്നെ പൂര്‍ണ സജ്ജരായ രക്ഷാ സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചു. ഉയര്‍ന്ന തിരമാലകളും കഠിനമായ കാലാവസ്ഥയും അവരെ നേരിട്ടു. സമുദ്ര രക്ഷാപ്രവര്‍ത്തനം അത്യന്തം അപകടകരമാക്കുന്ന സാഹചര്യങ്ങളാണിത്. എന്നാല്‍, നിരാശപ്പെടാതെ കൊടുങ്കാറ്റിനെ ചെറുത്ത് കപ്പലിലുള്ളവരുടെ അടുത്തേക്ക് എത്താന്‍ സംഘം മണിക്കൂറുകളോളം അക്ഷീണം പ്രവര്‍ത്തിച്ചു. ഓരോരുത്തരായി 14 പേരെയും സുരക്ഷിതമായി കപ്പലില്‍ നിന്ന് ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
സംഘത്തിന്റെ ധീരതക്കും അച്ചടക്കത്തിനും വേഗത്തിലുള്ള പ്രതികരണത്തിനും ഉദ്യോഗസ്ഥര്‍ അവരെ അഭിനന്ദിച്ചു. ദുബൈ മാരിടൈം റെസ്‌ക്യൂ സര്‍വീസിന്റെ അസാധാരണമായ സന്നദ്ധതയും കഴിവും ഈ സംഭവം എടുത്തുകാണിച്ചു. കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ ജീവനക്കാര്‍ വളരെയധികം ആശ്വാസവും നന്ദിയും പ്രകടിപ്പിച്ചു. തങ്ങളുടെ ജീവന്‍ അപകടത്തിലായിരുന്നെന്നും ദുബൈ മാരിടൈം റെസ്‌ക്യൂ സംഘത്തിന്റെ നിര്‍ഭയവും കരുണാമയവുമായ പ്രതികരണമാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്നും ജീവനക്കാര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ കാണിച്ച ദയയെയും കരുതലിനെയും ഇവര്‍ പ്രശംസിച്ചു. ഏറ്റവും അപകടകരമായ നിമിഷങ്ങളില്‍ പോലും മനുഷ്യ കാരുണ്യം നിലനില്‍ക്കുമെന്ന് ഓര്‍മിപ്പിക്കുന്നു.