അബുദാബി: സിറിയയിലേക്കുള്ള വിമാന സർവീസുകൾ വൈകാതെ പുനരാരംഭിക്കുമെന്ന് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമ, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തും.
ഔദ്യോഗികമായി വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായി പ്രവർത്തനപരവും സാങ്കേതികവുമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട വകുപ്പുകൾക്കിടയിൽ ഏകോപനം പുരോഗമിക്കുകയാണെന്ന് അതോറിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.
ജനുവരിയിൽ അധികാരമേറ്റ ശേഷം യു.എ.ഇയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിന് സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽശറഅ് കഴിഞ്ഞ ദിവസം അബുദാബിയിലെത്തിയിരുന്നു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാനുമായി സിറിയൻ പ്രസിഡന്റ് കൂടിക്കാഴ്ചയും ചർച്ചയും നടത്തി.
സിറിയയിലെ പുതിയ സംഭവവികാസങ്ങളും പരസ്പര താൽപര്യമുള്ള വിഷയങ്ങളും സിറിയൻ പ്രസിഡന്റും യു.എ.ഇ പ്രസിഡന്റും വിശകലനം ചെയ്തു. ഇതിന് ഒരു ദിവസത്തിന് ശേഷമാണ് സിറിയയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചത്.