അബുദാബി – വൈകാരിക കൃത്രിമ സന്ദേശങ്ങളിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ശ്രമങ്ങള്‍ക്കെതിരെ യു.എ.ഇ ദേശീയ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കുടുംബങ്ങളും സമൂഹങ്ങളും ജാഗ്രത പാലിക്കണമെന്നും മിതത്വത്തിന്റെ മൂല്യങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ദേശീയ സുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു. വസ്തുതകളെ വളച്ചൊടിക്കുകയും ആശയങ്ങളെ തെറ്റായി ചിത്രീകരിക്കുകയും ചെയ്യുന്ന വൈകാരിക കൃത്രിമ വാചാടോപങ്ങളിലൂടെ യുവാക്കളെ ആകര്‍ഷിക്കാന്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട പ്രസ്താവനയില്‍ ദേശീയ സുരക്ഷാ വകുപ്പ് പറഞ്ഞു. വ്യതിചലനത്തില്‍ നിന്ന് മനസ്സുകളെ സംരക്ഷിക്കാന്‍ മിതത്വത്തിന്റെ മൂല്യങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
സൂക്ഷ്മമായ രീതിയില്‍ റാഡിക്കലൈസേഷന്‍ എങ്ങനെ ആരംഭിക്കാമെന്ന് ചിത്രീകരിക്കുന്ന ഒരു ബോധവല്‍ക്കരണ വീഡിയോയും മുന്നറിയിപ്പിനൊപ്പം ദേശീയ സുരക്ഷാ വകുപ്പ് പുറത്തുവിട്ടു. ഭിന്നിപ്പിക്കുന്നതും അസഹിഷ്ണുതയുള്ളതുമായ പ്രത്യയശാസ്ത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയെ കൂട്ടത്തില്‍ ഒരാള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയശേഷം ജീവിതം മാറാന്‍ തുടങ്ങുന്ന ഒരു കൂട്ടം സുഹൃത്തുക്കളെ ഹ്രസ്വചിത്രം ചിത്രീകരിക്കുന്നു. കാലക്രമേണ, ആ മനുഷ്യന്‍ തീവ്രമായ വീക്ഷണങ്ങള്‍ സ്വീകരിക്കുകയും തന്റെ സാമൂഹിക വലയത്തില്‍ നിന്ന് പിന്‍വാങ്ങുകയും കൂടുതല്‍ ഒറ്റപ്പെടുകയും ചെയ്യുന്നു. ഇതേസമയം മറ്റുള്ളവരെ സ്വാധീനിക്കാനും വിദ്വേഷം പ്രചരിപ്പിക്കാനും അയാള്‍ ശ്രമിക്കുന്നു. എന്തൊക്കെയോ തെറ്റായ കാര്യങ്ങള്‍ നടക്കുന്നതായി മനസ്സിലാക്കുന്ന ഒരു സുഹൃത്ത് ഇക്കാര്യം അധികാരികളെ അറിയിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ദേശീയ സുരക്ഷ പൊതു കടമയാണെന്ന് നാഷണല്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങളോ പ്രവൃത്തികളോ ശ്രദ്ധയില്‍ പെട്ടാല്‍ അതേ കുറിച്ച് സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ടോള്‍ ഫ്രീ നമ്പറായ 8006600 ല്‍ ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ദേശീയ സുരക്ഷാ വകുപ്പ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
https://twitter.com/i/status/2026221290827473238



