അബുദാബി – സൗദി അറേബ്യക്കുള്ള പിന്തുണ ആവര്‍ത്തിച്ച യു.എ.ഇ, യെമനില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. സൗദി അറേബ്യ പുറപ്പെടുവിച്ച പ്രസ്താവനയിലും യെമനില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളില്‍ യു.എ.ഇയുടെ പങ്കിനെ കുറിച്ച് അതില്‍ അടങ്ങിയിരിക്കുന്ന ഗുരുതരമായ കൃത്യതയില്ലായ്മകളിലും യു.എ.ഇ അഗാധമായ ഖേദം പ്രകടിപ്പിച്ചു. യെമന്‍ കക്ഷികള്‍ക്കിടയിലെ സംഘര്‍ഷങ്ങളില്‍ തങ്ങളുടെ പേര് വലിച്ചിഴക്കാനുള്ള ഏതൊരു ശ്രമത്തെയും യു.എ.ഇ ശക്തമായി നിരാകരിക്കുന്നു. സൗദി അറേബ്യയുടെ സുരക്ഷയെ ദുര്‍ബലപ്പെടുത്തുന്നതോ അതിര്‍ത്തികള്‍ ലക്ഷ്യമിടുന്നതോ ആയ സൈനിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഏതെങ്കിലും യെമന്‍ കക്ഷിയുടെ മേല്‍ സമ്മര്‍ദം ചെലുത്തുകയോ നിര്‍ദേശിക്കുകയോ ചെയ്തുവെന്ന ആരോപണങ്ങളെ ശക്തമായി അപലപിക്കുന്നു.
സൗദി അറേബ്യയുടെ സുരക്ഷക്കും സ്ഥിരതക്കും യു.എ.ഇ നിരന്തരം പ്രതിജ്ഞാബദ്ധമാണ്. സൗദിയുടെ പരമാധികാരത്തോടും ദേശീയ സുരക്ഷയോടും പൂര്‍ണമായ ബഹുമാനം പുലര്‍ത്തുന്നു. സൗദി അറേബ്യയുടെയോ മേഖലയുടെയോ സുരക്ഷക്ക് ഭീഷണിയായേക്കാവുന്ന ഏതൊരു നടപടിയും നിരാകരിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യപരവും ചരിത്രപരവുമായ ബന്ധങ്ങള്‍ പ്രാദേശിക സ്ഥിരതക്ക് അടിസ്ഥാന സ്തംഭമാണ്. സൗദി അറേബ്യയിലെ സഹോദരങ്ങളുമായി പൂര്‍ണമായ ഏകോപനം നിലനിര്‍ത്താന്‍ യു.എ.ഇ എപ്പോഴും ശ്രദ്ധിക്കുന്നു.
ഹദ്റമൗത്ത്, അല്‍മഹ്റ ഗവര്‍ണറേറ്റുകളില്‍ നടക്കുന്ന സംഭവവികാസങ്ങളുടെ തുടക്കം മുതല്‍, സൗദി അറേബ്യയിലെ സഹോദരങ്ങളുമായി ഏകോപിപ്പിച്ച്, സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കാനും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താനും സാധാരണക്കാരെ സംരക്ഷിക്കാനും സഹായിക്കുന്ന നിലപാടാണ് യു.എ.ഇ സ്വീകരിച്ചിട്ടുള്ളത്. അല്‍മുകല്ല തുറമുഖത്തെ സൈനിക നടപടിയെ കുറിച്ച് സഖ്യസേനാ വക്താവ് പുറപ്പെടുവിച്ച പ്രസ്താവനയുമായി ബന്ധപ്പെട്ട്, യെമന്‍ സംഘര്‍ഷത്തിന് യു.എ.ഇ ഇന്ധനം പകരുന്നതായുള്ള അവകാശവാദങ്ങളെ യു.എ.ഇ വിദേശ മന്ത്രാലയം പൂര്‍ണമായും തള്ളിക്കളയുന്നു. സഖ്യകക്ഷി അംഗരാജ്യങ്ങളുമായി കൂടിയാലോചിക്കാതെയാണ് പ്രസ്തുത പ്രസ്താവന പുറപ്പെടുവിച്ചത്.
ഇപ്പോഴത്തെ പ്രശ്‌നത്തിന്റെ കാതലായി പറയുന്ന, ഫുജൈറയില്‍ നിന്ന് അല്‍മുകല്ല തുറമുഖത്തേക്കുള്ള കയറ്റുമതിയില്‍ ആയുധങ്ങളൊന്നും അടങ്ങിയിട്ടില്ല. അല്‍മുകല്ലയില്‍ ഇറക്കിയ വാഹനങ്ങള്‍ ഏതെങ്കിലും യെമന്‍ പാര്‍ട്ടിക്ക് വേണ്ടിയുള്ളതല്ല. മറിച്ച്, യെമനില്‍ പ്രവര്‍ത്തിക്കുന്ന യു.എ.ഇ സേനയുടെ ഉപയോഗത്തിനായി അയച്ചതാണ്. പ്രചരിക്കുന്ന ആരോപണങ്ങള്‍ യു.എ.ഇയില്‍ നിന്നുള്ള കയറ്റുമതിയുടെ യഥാര്‍ഥ സ്വഭാവത്തെയോ ഉദ്ദേശ്യത്തെയോ പ്രതിഫലിപ്പിക്കുന്നില്ല. യു.എ.ഇയും സൗദി അറേബ്യയും തമ്മില്‍ ഈ വാഹനങ്ങള്‍ സംബന്ധിച്ച് ഉന്നതതല ഏകോപനം ഉണ്ടായിരുന്നു. വാഹനങ്ങള്‍ തുറമുഖം വിട്ടുപോകില്ലെന്ന് കരാറുണ്ടായിരുന്നു. അതിനാല്‍ അല്‍മുകല്ല തുറമുഖത്ത് യു.എ.ഇ വാഹനങ്ങള്‍ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതില്‍ യു.എ.ഇ ആശ്ചര്യപ്പെടുന്നു.
യെമന്‍ സര്‍ക്കാരിന്റെ ക്ഷണപ്രകാരവും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ചട്ടക്കൂടിലുമായിരുന്നു യെമനിലെ യു.എ.ഇ സൈനിക സാന്നിധ്യം. യെമന്‍ റിപ്പബ്ലിക്കിന്റെ പരമാധികാരത്തെ പൂര്‍ണമായി ബഹുമാനിച്ചു കൊണ്ട്, നിയമസാധുത പുനഃസ്ഥാപിക്കാനും ഭീകരതയെ ചെറുക്കാനും പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇ സേനയെ യെമനില്‍ വിന്യസിച്ചത്. സഖ്യസേനാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ശേഷം യു.എ.ഇ വലിയ ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. എല്ലാ ഘട്ടങ്ങളിലും യെമന്‍ ജനതക്കൊപ്പം യു.എ.ഇ നിലയുറപ്പിച്ചിട്ടുണ്ട്.
അല്‍ഖായിദ, ഹൂത്തികള്‍, മുസ്‌ലിം ബ്രദര്‍ഹുഡ് എന്നിവയുള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന നിലവിലുള്ള സുരക്ഷാ വെല്ലുവിളികളും ഭീഷണികളും കണക്കിലെടുത്ത്, തീവ്രവാദത്തെയും തീവ്രവാദത്തെയും ചെറുക്കാനും സംഘര്‍ഷം ലഘൂകരിക്കാനും അന്താരാഷ്ട്ര ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളില്‍, ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഏകോപനം, സംയമനം, വിവേകം എന്നിവ ആവശ്യമുള്ള ഒരു ഘട്ടത്തില്‍, ഈ സംഭവവികാസങ്ങള്‍ അവ കൈകാര്യം ചെയ്യുന്ന രീതിയെ കുറിച്ചും അവയുടെ പ്രത്യാഘാതങ്ങളെ കുറിച്ചും ന്യായമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനും പൊതുതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും യെമനിലെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ പാതയെ പിന്തുണക്കാനും സമീപകാല സംഭവവികാസങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഉത്തരവാദിത്തത്തോടെയും സംഘര്‍ഷം രൂക്ഷമാകുന്നത് തടയുന്ന രീതിയിലും ആയിരിക്കണമെന്ന് യു.എ.ഇ വിദേശ മന്ത്രാലയം പറഞ്ഞു.
അതിനിടെ, യെമനിലെ തീവ്രവാദ വിരുദ്ധ സൈനിക സംഘങ്ങളുടെ സാന്നിധ്യം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സമീപകാല സംഭവവികാസങ്ങളും നിലവിലുള്ള ദൗത്യങ്ങളുടെ സുരക്ഷയിലും ഫലപ്രാപ്തിയിലും അവ ചെലുത്തുന്ന സ്വാധീനവും ചൂണ്ടിക്കാട്ടിയാണ് ഇത്. യെമനിലെ നിയമസാധുതയെ പിന്തുണക്കാനും തീവ്രവാദ സംഘടനകളെ ചെറുക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളുമായി ഏകോപിച്ച് യെമന്‍ ജനതയുടെ സുരക്ഷക്കും സ്ഥിരതക്കും സഹായിക്കാനായി 2015 മുതല്‍ യു.എ.ഇ അറബ് സഖ്യസേനയില്‍ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനായി യു.എ.ഇ ഉദ്യോഗസ്ഥര്‍ ഗണ്യമായ ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. ഔദ്യോഗിക ചട്ടക്കൂടുകള്‍ക്കുള്ളില്‍ സമ്മതിച്ച ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 2019 ല്‍ യു.എ.ഇ യെമനില്‍ സൈനിക സാന്നിധ്യം അവസാനിപ്പിച്ചിട്ടുണ്ട്. തീവ്രവാദ വിരുദ്ധ ശ്രമങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പ്രത്യേക ടീമുകള്‍ മാത്രമാണ് യെമനില്‍ ശേഷിക്കുന്നത്.
സമീപകാല സംഭവവികാസങ്ങളുടെയും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അവയുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളുടെയും വെളിച്ചത്തില്‍, യെമനിലെ ശേഷിക്കുന്ന ഭീകരവിരുദ്ധ സംഘങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സ്വന്തം ഇഷ്ടപ്രകാരം യു.എ.ഇ തീരുമാനിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഉദ്യോഗസ്ഥരുടെ സുരക്ഷക്ക് ബന്ധപ്പെട്ട പങ്കാളികളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കും. നിലവിലെ ആവശ്യകതകളുടെ സമഗ്രമായ വിലയിരുത്തലിന്റെ ഭാഗമാണ് ഈ തീരുമാനം. മേഖലയിലെ സുരക്ഷയും സ്ഥിരതയും പിന്തുണക്കുന്നതില്‍ യു.എ.ഇ വഹിക്കുന്ന പങ്കുമായും പ്രതിബദ്ധതകളുമായും ഇത് പൊരുത്തപ്പെടുന്നതായും യു.എ.ഇ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.



