ദുബൈ– ഏഷ്യാകപ്പ് ക്രിക്കറ്റ് മൽസരത്തിൽ മാച്ച് റഫറിയെ മാറ്റാതെ കളിക്കില്ലെന്ന് പറഞ്ഞ പാകിസ്ഥാൻ യുഎഇയുമായുള്ള ഇന്നത്തെ മൽസരം ബഹിഷ്കരിക്കുമെന്ന് പറഞ്ഞെങ്കിലും ടീം ഈ തീരുമാനത്തിൽ നിന്ന് പിൻമാറി സ്റ്റേഡിയത്തിലെത്തി.
ഇന്ത്യയുമായുള്ള ഹസ്തദാന വിവാദത്തിന്റെ ചുവടുപിടിച്ചാണ് അസാധാരണ സംഭവങ്ങൾ. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാക് ആവശ്യം ഐസിസി തള്ളിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പാക് സംഘം മത്സരം ബഹിഷ്കരിക്കാൻ ആലോചിച്ചത്.
സൽമാൻ ആഗയുടെ നേതൃത്വത്തിലുള്ള പാക് സംഘം ദുബൈയിൽ പരിശീലനത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ മത്സരത്തിന് മുന്നോടിയായി നടത്താനിരുന്ന വാർത്താ സമ്മേളനം പാകിസ്താൻ റദ്ദാക്കിയിരുന്നു.
ഏഷ്യാ കപ്പിൽ ഇന്ത്യയുമായുള്ള പോരാട്ടത്തിൽ ഏഴ് വിക്കറ്റിന് പാകിസ്താൻ തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. ടോസിങ്ങിനിടെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് നായകൻ സൽമാൻ ആഗയുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചു. ഇന്ത്യയുടെ വിജയത്തിന് ശേഷവും കളിക്കാർ പരസ്പരം കൈ കൊടുക്കാതെയാണ് പിരിഞ്ഞത്. ഇതാണ് പാക് ക്രിക്കറ്റ് ബോർഡിനെ ചൊടിപ്പിച്ചത്.
ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റനുമായി ഹസ്തദാനം ചെയ്യരുതെന്ന് പൈക്രോഫ്റ്റ്, ക്യാപ്റ്റൻ സൽമാൻ അലി ആഗയോട് ആവശ്യപ്പെട്ടിരുന്നുവെന്നും പൈക്രോഫ്റ്റിനെ ടൂർണമെൻ്റിൽ നിന്ന് പുറത്താക്കണമെന്നുമാണ് പാകിസ്താൻ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നത്.പൈക്രോഫ്റ്റ് അധികാര പരിധി ലംഘിച്ചെന്നും പക്ഷപാതം കാണിച്ചെന്നും പിസിബി ആരോപിച്ചു.