ദുബൈ– ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി യുഎഇ. 148 രാജ്യങ്ങളെ ഉള്‍പ്പെടുത്തി നംബിയോ സേഫ്റ്റി ഇന്‍ഡെക്‌സ് 2025 പകുതിയോടെ പുറത്തിറക്കിയ സര്‍വേ പ്രകാരമാണ് യു.എ.ഇ 85.2 സ്‌കോറോടെ ഒന്നാം സ്ഥാനത്ത് എത്തിയത്. അന്‍ഡോറ, ഖത്തര്‍, തായ്‌വാന്‍, മകാവു എന്നീ രാജ്യങ്ങളാണ് 2,3,4,5 സ്ഥാനങ്ങളും നേടി. വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം പുറത്തുവിടുന്ന നംബിയോ സേഫ്റ്റി ഇന്‍ഡക്‌സില്‍ കഴിഞ്ഞ 8പ്രാവശ്യവും യുഎഇ രണ്ടാം സ്ഥാനത്തായിരുന്നു. ഇതിനു മുന്‍പ് ഒന്നാം സ്ഥാനത്തെത്തിയ അറബ് രാജ്യം ഖത്തറാണ്. 2019 മുതല്‍ 2023വരെ തുടര്‍ച്ചയായി പത്ത് പ്രാവശ്യം ഖത്തര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ ക്രൈം നില, ഒറ്റയ്ക്ക് നടക്കുമ്പോള്‍ ഉള്ള സുരക്ഷിതത്വം, വാഹനവും സ്വത്തുക്കളും മോഷ്ടിക്കാനുള്ള സാധ്യത എന്നിവ ഉള്‍പ്പെടെയുള്ള പല ഘടകങ്ങളും പരിഗണിച്ചാണ് നംബിയോ സുരക്ഷാ സൂചിക തയാറാക്കുന്നത്. മറ്റ് അറേബ്യന്‍ രാജ്യങ്ങളായ ഒമാന്‍ 5ാം സ്ഥാനം, സൗദി അറേബ്യ 14ാം സ്ഥാനം, ബഹ്‌റൈന്‍ 15ാം സ്ഥാനം, കുവൈത്ത് 38ാം സ്ഥാനവും നേടി. ക്രൈം ആന്‍ഡ് സേഫ്റ്റി ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരം അബുദാബി(88.2 സ്കോർ)യാണ്. ഇതില്‍ ദുബൈ സിറ്റി അഞ്ചാം സ്ഥാനത്താണെന്ന് പ്രാദേശിക മാധ്യമമായ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.