അബുദാബി: തൊഴിലാളി ദിനത്തിൽ എമിറേറ്റിലെ തൊഴിലാളികളുടെ ക്ഷേമം അന്വേഷിച്ച് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുൾറഹ്‌മാൻ അൽ അവാർ.
മികച്ച ലേബർഅക്കമഡേഷൻ വിഭാഗത്തിൽ പ്രഥമ എമിറേറ്റ്‌സ് ലേബർ മാർക്കറ്റ് പുരസ്‌കാരം നേടിയ വർക്കേഴ്സ് വില്ലേജ് റിയൽ എസ്റ്റേറ്റിന് കീഴിലുള്ള ലേബർ ക്യാമ്പാണ് അദ്ദേഹം സന്ദർശിച്ചത്.
തൊഴിലാളികൾക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിന് എപ്പോഴും മുൻഗണന നൽകുമെന്ന് അൽ അവാർ പറഞ്ഞു. അവർക്ക് അനുയോജ്യമായ പാർപ്പിട സൗകര്യങ്ങൾ ലഭ്യമാക്കാൻ സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഒട്ടേറെ സംരംഭങ്ങൾ നടപ്പാക്കുന്നുണ്ടെന്നും വ്യക്തമാക്കി.
യു.എ.ഇ. യുടെ വികസന യാത്രയിൽ തൊഴിലാളികളുടെ സംഭാവനകൾക്ക് അദ്ദേഹം നന്ദിയറിക്കുകയും ചെയ്തു. രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമവും ജീവിതനിലവാരവും ഉയർത്തുന്നതിന് തൊഴിലാളികളുടെ പാർപ്പിടം സംബന്ധിച്ചുള്ള വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് മന്ത്രാലയം ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചിട്ടുണ്ട്. പാർപ്പിട സൗകര്യങ്ങളിൽ നിശ്ചിതമാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.