ദുബൈ – യു.എ.ഇ അടിസ്ഥാനസൗകര്യവികസനത്തിന്റെ തുടക്കക്കാരനായ പ്രമുഖ എമാറാത്തി വ്യവസായി ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ് വിടപറഞ്ഞു. യു.എ.ഇയിലെ ആദ്യത്തെ റോഡായ ഷാർജയിൽ നിന്ന് റാസൽഖൈമ പാത നിർമ്മിച്ച ഖാൻസാഹബ് കമ്പനിയുടെ മുൻ ചെയർമാനായിരുന്നു ഹുസൈൻ അബ്ദുറഹ്മാൻ.
1935ൽ ഇദ്ദേഹത്തിന്‍റെ അമ്മാനായ ഖാൻ സാഹബ് ഹുസൈന് ബ്രിട്ടീഷ് സർക്കാറുമായി ചേർന്ന് തുടക്കം കുറിച്ച കോൺട്രാക്ടിങ് കമ്പനിയാണ് ഖാൻ സാഹബ് . 1954 മുതൽ 2016 വരെയായിരുന്നു ചെയർമാൻ പദവി ഇദ്ദേഹം അലങ്കരിച്ചിരുന്നത്. ഈ കാലയളവിലായിരുന്നു രാജ്യം വികസനത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചത്.ദുബൈ ക്ലോക്ക് ടവർ റൗണ്ട് എബൗട്ട്, ഷാർജ സെന്‍റ് മേരീസ് ചർച്ച്, ഷാർജ വിമാനത്താവളം, ദുബൈയിലെ മാൾ ഓഫ് ദി എമിറേറ്റ് തുടങ്ങിയവയെല്ലാം ഇതിനുദാഹരണമാണ്.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം അടക്കുള്ളവർ ഇദ്ദേഹത്തിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. യു.എ.ഇയുടെ അടിസ്ഥാന സൗകര്യത്തിന്‍റെ വഴികാട്ടി എന്നാണ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഹുസൈൻ അബ്ദുറഹ്മാനിനെ വിശേഷിപ്പിച്ചത്.
ശനിയാഴ്ച ളുഹുർ നമസ്കാരത്തിന് ശേഷം ദുബൈ ഖിസൈസിലെ ഖബർസ്ഥാനിൽ ഖബറടക്കി.