അബുദാബി- ലെബനീസ് ഗ്രൂപ്പായ ഹിസ്ബുല്ലയുമായി ബന്ധം പുലർത്തുന്ന 16 വ്യക്തികളെയും അഞ്ച് സ്ഥാപനങ്ങളെയും യുഎഇ ഭീകര പട്ടികയിൽ ഉൾപ്പെടുത്തി. ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം തടയുന്നതിന്റെയും അനുബന്ധ ശൃംഖലകളെ തകർക്കുന്നതിന്റെയും ഭാഗമായാണ് യുഎഇ മന്ത്രിസഭയുടെ ഈ നിർണ്ണായക തീരുമാനം. പ്രാദേശികമായും അന്തർദേശീയമായും ഭീകരതയ്ക്കെതിരെ സ്വീകരിച്ചു വരുന്ന കർശന നിലപാടിന്റെ തുടർച്ചയായാണ് പുതിയ നടപടി.
ഭീകരവാദത്തിന് നേരിട്ടോ അല്ലാതെയോ പണം എത്തിക്കുന്ന സ്രോതസ്സുകൾ ഇല്ലാതാക്കാനാണ് യുഎഇ ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ഉത്തരവ് പ്രകാരം, രാജ്യത്തെ എല്ലാ സാമ്പത്തിക-നിയന്ത്രണ സ്ഥാപനങ്ങളും പട്ടികയിലുള്ളവരുമായുള്ള ഇടപാടുകൾ ഉടൻ പരിശോധിക്കണം. ഇവരുടെ ആസ്തികളും ബാങ്ക് അക്കൗണ്ടുകളും 24 മണിക്കൂറിനുള്ളിൽ മരവിപ്പിക്കാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയാകുന്ന ഗ്രൂപ്പുകളെ സാമ്പത്തികമായി തളർത്താൻ ആഗോള തലത്തിലുള്ള സഹകരണം ശക്തമാക്കുമെന്നും യുഎഇ വ്യക്തമാക്കി.
സുരക്ഷാ നടപടികൾക്കൊപ്പം തന്നെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കാനുള്ള സമഗ്രമായ സംവിധാനവും യുഎഇ ഒരുക്കിയിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾ ഇല്ലാതാക്കാനും സമാധാനം നിലനിർത്താനുമുള്ള രാജ്യത്തിന്റെ ഉറച്ച പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്. നിയമവിരുദ്ധമായ പണമൊഴുക്ക് തടയുന്നതിലൂടെ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തനം ദുർബലപ്പെടുത്താൻ കഴിയുമെന്ന് അധികൃതർ വിശ്വസിക്കുന്നു.
ലെബനീസ് പൗരത്വമുള്ള 16 പേരും ലെബനോൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഞ്ച് സ്ഥാപനങ്ങളുമാണ് പുതിയ പട്ടികയിലുള്ളത്. ബൈത്ത് മാലുൽ മുസ്ലിമീൻ, അൽ ഖർദ് അൽ ഹസൻ ഫൗണ്ടേഷൻ അസോസിയേഷൻ, അൽ തസ്ഹീലാത്ത് കമ്പനി, അൽ മുദഖികൂൻ ഫോർ അക്കൗണ്ടിംഗ് ആൻഡ് ഓഡിറ്റിംഗ് കമ്പനി, അൽ ഖുബറാ ഫോർ അക്കൗണ്ടിംഗ് ഓഡിറ്റിംഗ് ആൻഡ് സ്റ്റഡീസ് കമ്പനി എന്നിവയാണ് ഭീകര പട്ടികയിൽ ഇടംപിടിച്ച സ്ഥാപനങ്ങൾ.



