വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത മാസം സൗദി അറേബ്യയും ഖത്തറും യു.എ.ഇയും സന്ദർശിക്കുമെന്ന് പ്രസിഡന്റിന്റെ വക്താവ് കരോലിൻ ലീവിറ്റ് പറഞ്ഞു. അധികാരത്തിൽ തിരിച്ചെത്തിയ ശേഷമുള്ള ട്രംപിന്റെ രണ്ടാമത്തെ വിദേശ യാത്രയാണ് സൗദിയിലേക്കും ഖത്തറിലേക്കും യു.എ.ഇയിലേക്കും നടത്തുന്നത്. മെയ് 13 മുതൽ മെയ് 16 വരെയുള്ള ദിവസങ്ങളിലാണ് ട്രംപ് മൂന്നു രാജ്യങ്ങളും സന്ദർശിക്കുകയെന്ന് കരോലിൻ ലീവിറ്റ് വൈറ്റ് ഹൗസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
രണ്ടാമതും അധികാരത്തിലേറിയ ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ യാത്ര മിഡിൽ ഈസ്റ്റിലേക്കായിരുന്നു പ്ലാൻ ചെയ്തിരുന്നത്. എന്നാൽ, ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെ തുടർന്ന് അടുത്ത ശനിയാഴ്ച സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനായി ആദ്യ യാത്ര ട്രംപ് വത്തിക്കാനിലേക്ക് മാറ്റുകയായിരുന്നു. മിഡിൽ ഈസ്റ്റുമായുള്ള തന്റെ ബന്ധം നല്ലതാണെന്ന് യു.എസ് പ്രസിഡന്റ് വിശേഷിപ്പിച്ചു. അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാര ബന്ധത്തെയും സമാധാനവും സ്ഥിരതയും സ്ഥാപിക്കുന്നതിൽ സൗദി അറേബ്യ വഹിക്കുന്ന പങ്കിനെയും അദ്ദേഹം നിരന്തരം പ്രശംസിക്കുന്നു.
അമേരിക്കയുടെ നയതന്ത്ര ശ്രമങ്ങൾക്കും യു.എസ് ഉദ്യോഗസ്ഥർക്കും ആതിഥേയത്വം വഹിച്ചതിനും റഷ്യയും ഉക്രൈനും തമ്മിൽ വെടിനിർത്തൽ കരാറിലെത്താൻ ചർച്ചകൾ സാധ്യമാക്കിയതിനും ട്രംപ് സൗദി അറേബ്യയെ ആവർത്തിച്ച് പ്രശംസിച്ചിട്ടുണ്ട്. അമേരിക്കൻ കമ്പനികളിൽ സൗദി അറേബ്യ നടത്തിയ ഭീമമായ നിക്ഷേപങ്ങളെ അമേരിക്കൻ പ്രസിഡന്റ് പ്രശംസിക്കുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായുള്ള തന്റെ ശക്തമായ സൗഹൃദത്തെ കുറിച്ച് ട്രംപ് അഭിമാനിക്കുന്നു.
നയതന്ത്രപരമായി സൗദി അറേബ്യക്ക് അമേരിക്ക വലിയ പ്രാധാന്യം കൽപിക്കുന്നു. 2017-ൽ ആദ്യ തവണ പ്രസിഡന്റ് പദവിയിലെത്തിയ ട്രംപ് തന്റെ ആദ്യ വിദേശ സന്ദർശനത്തിന് സൗദി അറേബ്യയെ ആണ് തെരഞ്ഞെടുത്തിരുന്നത്. റഷ്യക്കും ഉക്രൈനുമിയിടയിൽ വെടിനിർത്തൽ കരാറിലെത്താനും മൂന്നു വർഷം നീണ്ട യുദ്ധം അവസാനിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി അറേബ്യ രണ്ടു റൗണ്ട് യു.എസ്-റഷ്യൻ, യു.എസ്-ഉക്രൈൻ ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചു.
ആഗോള എണ്ണവിലയിൽ സ്ഥിരതയുണ്ടാക്കാൻ ഒപെകിൽ സൗദി അറേബ്യ വഹിക്കുന്ന പങ്കിനെ അമേരിക്കൻ ഭരണകൂടം അഭിനന്ദിക്കുന്നു. സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലേക്കുള്ള പ്രസിഡന്റ് ട്രംപിന്റെ സന്ദർശനം വലിയ പ്രാധാന്യമുള്ളതാണെന്നും സന്ദർശനത്തിനിടെ നിരവധി സാമ്പത്തിക, സൈനിക കരാറുകളിൽ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നതായും വിശകലന വിദഗ്ധർ പറയുന്നു. ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങളിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ പങ്ക് ഈ യാത്ര ഉയർത്തിക്കാട്ടും. ട്രംപ് ഭരണകൂടം യു.എ.ഇയെ അമേരിക്കയുടെ പ്രധാന പങ്കാളിയായും കാണുന്നു.