മസ്‌കത്ത്: ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനുമായുള്ള ചർച്ചകൾ നന്നായി പുരോഗമിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എല്ലാം നന്നായി പോകുന്നുവെന്ന് ഞാൻ കരുതുന്നതായി എയർഫോഴ്‌സ് വണ്ണിൽ വെച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചർച്ചകൾ തീരുന്നത് വരെ ഒന്നും പ്രശ്‌നമല്ല, അതുകൊണ്ട് അതേ കുറിച്ച് ഇപ്പോൾ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. കാര്യങ്ങൾ നന്നായി പോകുന്നു, ഇറാനുമായുള്ള കാര്യങ്ങൾ വളരെ നന്നായി പോകുന്നുവെന്ന് ഞാൻ കരുതുന്നുവെന്ന് ട്രംപ് പറഞ്ഞു.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജിയും അമേരിക്കയുടെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും തമ്മിൽ മസ്‌കത്തിൽ നടത്തിയ പരോക്ഷ ചർച്ചകളും നേരിട്ടുള്ള ഹ്രസ്വ സംഭാഷണവും ചർച്ചാ പാത പുനഃക്രമീകരിക്കാനുള്ള ധാരണയിൽ അവസാനിച്ചു.
അന്തരീക്ഷം പോസിറ്റീവ് ആണെന്ന് ഇറാൻ പറഞ്ഞു. സാധ്യമായ ഒരു കരാറിനുള്ള പൊതു ചട്ടക്കൂട് സ്ഥാപിക്കാനുള്ള ചർച്ചകൾ ഇറാനും അമേരിക്കയും അടുത്ത ആഴ്ച പുനരാരംഭിക്കും. ഒമാൻ വിദേശ മന്ത്രി ബദർ അൽബൂസഈദി വഴി വിറ്റ്‌കോഫും അറാഖ്ജിയും രണ്ട് മണിക്കൂർ അടുത്തുനിന്ന് സന്ദേശങ്ങളും വീക്ഷണങ്ങളും കൈമാറി. ഇറാന്റെ അതിവേഗം മുന്നേറുന്ന ആണവ പദ്ധതിയെ കുറിച്ച് പുതിയ ചർച്ചകൾക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് മസ്‌കത്തിൽ അപൂർവ സംഭാഷണങ്ങൾ നടന്നത്.
ചർച്ചകൾ സൗഹൃദ അന്തരീക്ഷത്തിലാണ് നടന്നതെന്നും ന്യായമായ കരാർ ഒപ്പുവെക്കുക എന്നതാണ് ലക്ഷ്യമെന്നും ഒമാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. സൗഹൃദപരമായ അന്തരീക്ഷത്തിൽ നടന്ന ഈ ചർച്ചക്ക് എന്റെ സഹപ്രവർത്തകർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് കാഴ്ചപ്പാടുകളെ കൂടുതൽ അടുപ്പിക്കാൻ സഹായിച്ചു. ആത്യന്തികമായി പ്രാദേശികവും ആഗോളവുമായ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ കൈവരിക്കാനും ചർച്ചകൾ സഹായിക്കും. ഈ ലക്ഷ്യം കൈവരിക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുകയും കൂടുതൽ ശ്രമങ്ങൾ നടത്തുകയും ചെയ്യുമെന്നും ഒമാൻ വിദേശ മന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിൽ പറഞ്ഞു.
ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകളിലൂടെ മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും തടവുകാരെ കൈമാറാനും ഇറാന്റെ ആണവ പദ്ധതി തടയുന്നതിന് പകരമായി ഉപരോധങ്ങൾ ലഘൂകരിക്കുന്നതിന് കരാറുകളിൽ എത്തിച്ചേരാനും ഊന്നൽ നൽകുന്നതായി ഒമാനി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ തടവുകാരുടെ വിഷയം ചർച്ചയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഇറാൻ വിദേശ മന്ത്രാലയം പറഞ്ഞു.
ആണവ പ്രശ്‌നം മാത്രമാണ് ചർച്ചയിൽ ഉൾപ്പെടുത്തിയതെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ അറിയിച്ചു. മിസൈൽ പദ്ധതി പോലുള്ള പ്രതിരോധ ശേഷികളെ കുറിച്ച് ചർച്ച ചെയ്യാൻ ഇറാൻ വിസമ്മതിക്കുന്നു.
സാധ്യതയുള്ള ഒരു കരാറിന്റെ പൊതു ചട്ടക്കൂടുകൾ അടുത്ത സെഷനിൽ ചർച്ച ചെയ്യുമെന്ന് സ്റ്റേറ്റ് ടെലിവിഷന് നൽകിയ പ്രസ്താവനയിൽ അബ്ബാസ് അറാഖ്ജി വിശദീകരിച്ചു. പരസ്പരം സ്വീകാര്യമായ ഒരു ഫലം കൈവരിക്കാനായി ഈ ചർച്ചകൾ തുടരാനുള്ള പ്രതിബദ്ധത ഇരു കക്ഷികളും പ്രകടിപ്പിച്ചു. രണ്ടാം ഘട്ട ചർച്ചകൾ അടുത്ത ശനിയാഴ്ച നടത്താൻ ധാരണയായതായും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
മസ്‌കത്തിൽ നടന്ന പരോക്ഷ ചർച്ചകളിൽ വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന ബില്യൺ കണക്കിന് ഡോളർ പ്രയോജനപ്പെടുത്താൻ അനുവദിക്കണമെന്ന് ഇറാൻ അമേരിക്കൻ പ്രതിനിധി സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി, ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന ചൈനീസ് കമ്പനികൾക്കു മേലുള്ള അമേരിക്കൻ സമ്മർദം അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ആണവ വിഷയങ്ങളിലും ഉപരോധങ്ങൾ നീക്കുന്നതിലും നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും ഇറാന്റെ ദേശീയ താൽപര്യങ്ങൾ സുരക്ഷിതമാക്കുക എന്നതാണ് ഏക ലക്ഷ്യമെന്ന് ചർച്ചകൾ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇറാൻ വിദേശ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു.
ഇറാന്റെ ലക്ഷ്യം വ്യക്തമാണ്. ഇറാന്റെ ദേശീയ താൽപര്യങ്ങൾ സുരക്ഷിതമാക്കുക, ഞങ്ങൾക്ക് മറ്റ് ലക്ഷ്യങ്ങളൊന്നുമില്ല. ആണവ പ്രശ്‌നം പരിഹരിക്കാനും സംഭാഷണത്തിലൂടെ ഉപരോധങ്ങൾ നീക്കാനും കഴിയുന്ന തരത്തിൽ നയതന്ത്രത്തിന് യഥാർഥവും ആത്മാർഥവുമായ ഒരു അവസരം ഞങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് ഇസ്മായിൽ ബഖാഇ പറഞ്ഞു. ഇറാനെ ആണവായുധം നിർമിക്കുന്നതിൽ നിന്ന് തടയലും അവരുടെ ആണവ പദ്ധതി നിർത്തലാക്കലുമാണ് അമേരിക്കയുടെ ആദ്യ ആവശ്യമെന്ന് വിറ്റ്‌കോഫ് പറഞ്ഞു.
ശനിയാഴ്ചത്തെ ചർച്ചകൾക്ക് മുന്നോടിയായി, ഇറാന് ആണവായുധം കൈവശം വെക്കാൻ കഴിയില്ല എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞിരുന്നു.
സഖ്യകക്ഷികളുടെ ശിഥിലീകരണം, ഇറാന്റെ ഏറ്റവും പ്രമുഖ പ്രാദേശിക സഖ്യകക്ഷിയായ ബശാർ അൽഅസദിന്റെ പതനം, ലെബനീസ് ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ, ജീവിതസാമ്പത്തിക സാഹചര്യങ്ങൾ വഷളാകുന്നതുമൂലം വർധിച്ചുവരുന്ന ആഭ്യന്തര അസംതൃപ്തി എന്നിവയുൾപ്പെടെയുള്ള പ്രാദേശിക തിരിച്ചടികളുടെ ഫലമായി ഇറാന്റെ നിലവിലെ ബലഹീനത മുതലെടുത്ത് ഈ വർഷം ആദ്യ പകുതിയിൽ ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്കു നേരെ വലിയ ആക്രമണങ്ങൾ നടത്താൻ ഇസ്രായിൽ ആലോചിക്കുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അമേരിക്കയും ഇറാനും തമ്മിൽ നടത്തുന്ന ചർച്ചകളുടെ പരാജയം ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന ഒരു മേഖലയിൽ വിശാലമായ യുദ്ധത്തെ കുറിച്ചുള്ള ഭീതി വർധിപ്പിക്കും. ഇറാനെതിരായ ഏതെങ്കിലും അമേരിക്കൻ സൈനിക ആക്രമണത്തിൽ പങ്കെടുത്താൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അമേരിക്കൻ സൈനിക താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന അയൽ രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തങ്ങളുടെ ആണവ പദ്ധതി പൂർണമായും സിവിലിയൻ ആവശ്യങ്ങൾക്ക് മാത്രമാണെന്ന് ഇറാൻ എപ്പോഴും വ്യക്തമാക്കുന്നു. എന്നാൽ ഇറാന് അണുബോംബ് നിർമിക്കാൻ ആഗ്രഹമുണ്ടെന്നും ആണവ ഇന്ധന സ്രോതസ്സായ യുറേനിയം സമ്പുഷ്ടീകരണം സിവിലിയൻ പ്രോഗ്രാമിന്റെ ആവശ്യകതകൾ കവിയുന്നുവെന്നും വാർഹെഡുകൾക്ക് ആവശ്യമായ ഫിസൈൽ പ്യൂരിറ്റി ലെവലിലുള്ള സ്റ്റോക്കുകൾ ഉൽപാദിപ്പിക്കുന്നുവെന്നും പാശ്ചാത്യ രാജ്യങ്ങൾ വിശ്വസിക്കുന്നു. ഫെബ്രുവരി മുതൽ ഇറാനു മേൽ പരമാവധി സമ്മർദം വീണ്ടും ഏർപ്പെടുത്തിയ ട്രംപ്, 2018-ൽ തന്റെ ആദ്യ ഭരണ കാലയളവിൽ ഇറാനും ആറ് ലോകശക്തികളും തമ്മിലുണ്ടാക്കിയ 2015-ലെ ആണവ കരാറിൽ നിന്ന് പിന്മാറുകയും ഇറാനു മേൽ കർശന ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം ഇറാന്റെ ആണവ പദ്ധതിയിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനമായി ഇറാൻ ഉയർത്തിയിട്ടുണ്ട്. ഇത് ആണവബോംബ് നിർമിക്കാൻ ആവശ്യമായ അളവുകളിലുള്ള സാങ്കേതിക ചുവടുവെപ്പാണ്.
യുറേനിയം സമ്പുഷ്ടീകരണം ആയുധ നിർമാണത്തിന് ആവശ്യമായ 90 ശതമാനമായി വർധിപ്പിക്കാൻ ഇറാൻ തീരുമാനിച്ചാൽ ഇറാന്റെ ആണവ പദ്ധതിയിൽ മാറ്റം വരുമെന്ന് പാശ്ചാത്യ ശക്തികൾ ഭയപ്പെടുന്നു. ഇറാന്റെ 60 ശതമാനം യുറേനിയം ശേഖരം ഇപ്പോൾ ആറ് ബോംബുകൾ നിർമിക്കാൻ പര്യാപ്തമാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി സ്ഥിരീകരിച്ചതിനെ തുടർന്ന് ഇറാന്റെ ആണവ പദ്ധതിയുടെ പാതയിൽ മാറ്റം വരുമെന്ന് പാശ്ചാത്യ ശക്തികൾ ഭയപ്പെടുന്നു. തങ്ങളുടെ ലക്ഷ്യങ്ങൾ പൂർണമായും സമാധാനപരമാണെന്നും സിവിലിയൻ ആവശ്യങ്ങൾക്കായി ഉയർന്ന തലങ്ങളിൽ യുറേനിയം സമ്പുഷ്ടമാക്കാനുള്ള അവകാശമുണ്ടെന്നും ഇറാൻ പറയുമ്പോൾ, ഈ തലത്തിലുള്ള സമ്പുഷ്ടീകരണത്തിന് വിശ്വസനീയമായ സിവിലിയൻ വിശദീകരണമില്ലെന്ന് പാശ്ചാത്യ ശക്തികൾ പറയുന്നു. ഒരു രാജ്യവും ആണവ ബോംബ് നിർമിക്കാതെ അങ്ങനെ ചെയ്തിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസിയും പറയുന്നു.