അബുദാബി– ഇന്ത്യയുടെ പുതിയ ‘രൂപ വ്യാപാര പരിഷ്കരണം’ യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്ന ഒരു “ഗെയിം ചേഞ്ചർ” ആണെന്ന് മുതിർന്ന വ്യാപാര ഉദ്യോഗസ്ഥൻ. യുഎഇയിൽ ഇന്ത്യൻ രൂപയിലും ഇടപെടുകൾ നടത്താൻ സഹായിക്കുന്നതാണ് ഈ പരിഷ്കരണം. 2030 ന് മുമ്പ് ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം 100 ബില്യൺ ഡോളർ കവിയുമെന്നും അദ്ദേഹം പ്രവചിച്ചു. ഈ പരിഷ്കരണം വൻകിട കമ്പനികൾക്ക് മാത്രമല്ല ചെറുകിട കച്ചവടങ്ങൾക്കും ഗുണം ചെയ്യും.
ഇന്ത്യൻ കാറ്റഗറി -1 അംഗീകൃത ഡീലർ (എഡി) ബാങ്കുകൾക്ക് ഇതിനകം കറസ്പോണ്ടന്റ് ബന്ധമുള്ള വിദേശ ബാങ്കുകൾക്കായി പ്രത്യേക രൂപ വോസ്ട്രോ അക്കൗണ്ടുകൾ (എസ്ആർവിഎ) തുറക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഗസ്റ്റ് 5 ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആർബിഐയുടെ മുൻകൂർ അനുമതി ആവശ്യമില്ല. ഇത് അന്താരാഷ്ട്ര വ്യാപാരവും ഇടപാടുകളും ഇന്ത്യൻ രൂപയിൽ നടക്കുന്നത് എളുപ്പമാക്കാൻ സഹായിക്കും.
എസ്ആർവിഎ എന്നത് വിദേശ ബാങ്കുകൾക്ക് ഇന്ത്യൻ രൂപ കൈവശം വെക്കാനും ഇന്ത്യയുമായുള്ള വ്യാപാരത്തിനായി പേയ്മെന്റുകൾ പ്രോസസ്സ് ചെയ്യാനും അനുവദിക്കുന്ന ഒരു സമർപ്പിത അക്കൗണ്ടാണ്. ഇതുവരെ ആർബിഐയുടെ മുൻകൂർ അനുമതി നിർബന്ധമായിരുന്നു. ഒരുപാട് കാലമായി നിലനിൽക്കുന്ന തടസം പരിഹരിക്കാൻ ഇത് സഹായകമാകുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ചെലവ് കുറയ്ക്കാനും ഇടപാടുകൾ വേഗത്തിലാക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താനും ഇത് സഹായിക്കും.
അതിർത്തി കടന്നുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മക ചുവടുവെപ്പാണിതെന്ന് അൽ ഹിന്ദ് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഈ നീക്കം ഇന്ത്യയും യുഎഇയും തമ്മിലുള്ള ഇടപാടുകൾ സുഗമമാക്കുകയും വേഗത്തിലാക്കുകയും ചെയ്യുമെന്നും ഇരുരാജ്യങ്ങളുടെയും ബിസിനസുകൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മാറ്റം വ്യാപാരം എളുപ്പവും വിലകുറഞ്ഞതും കൂടുതൽ കാര്യക്ഷമവുമാക്കുമെന്ന് വിദഗ്ദ്ധർ പറഞ്ഞു. ഇത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് മത്സരക്ഷമത നൽകുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വർധിപ്പിക്കുകയും ചെയ്യും. നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നതോടെ കൂടുതൽ ഇന്ത്യൻ കമ്പനികൾ യുഎഇയിൽ ബിസിനസുകൾ ആരംഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം യുഎസ് തീരുവ ഏർപ്പെടുത്തിയതിനെ തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യൻ കമ്പനികൾക്ക് ഇത് സഹായകമാകുമെന്നും ദുബൈ ആസ്ഥാനമായുള്ള ജെവി തോംസൺ ചാർട്ടേഡ് അക്കൗണ്ടന്റ്സിലെ ജോൺ തോമസ് പറഞ്ഞു. 75000 ത്തിലധികം ഇന്ത്യൻ കമ്പനികൾ നിലവിൽ യുഎഇയിൽ പ്രവർത്തിക്കുന്നുണ്ട്. പുതിയ പരിഷ്കാരങ്ങൾ ഇത് വർധിപ്പിക്കാൻ കാരണമാകും.