ജിദ്ദ – സൗദിയില്‍ മൂന്നു മാസത്തിനിടെ 28 ലക്ഷത്തിലേറെ യാത്രക്കാര്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തിയതായി സൗദി അറേബ്യ റെയില്‍വെയ്‌സ് അറിയിച്ചു. ഈ വര്‍ഷം മൂന്നാം പാദത്തില്‍ പ്രകടനത്തിലും പ്രവര്‍ത്തന കാര്യക്ഷമതയിലും കമ്പനി ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി. മൂന്നാം പാദത്തില്‍ ഗുഡ്‌സ് ട്രെയിനുകളില്‍ 75 ലക്ഷത്തിലേറെ ടണ്‍ ചരക്കുകള്‍ നീക്കം ചെയ്തു. സൗദിയിലെ ഗതാഗത, ലോജിസ്റ്റിക്‌സ് സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ സൗദി അറേബ്യ റെയില്‍വെയ്‌സ് നിര്‍ണായക പങ്ക് വഹിക്കുന്നതായി ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്നാം പാദത്തില്‍ ഗുഡ്‌സ് ട്രെയിന്‍ സര്‍വീസുകള്‍ രാജ്യത്തിന്റെ റോഡുകളില്‍ നിന്ന് 3,59,000 ലേറെ ട്രക്ക് യാത്രകള്‍ ഒഴിവാക്കി. ഇതിന്റെ ഫലമായി 3.2 കോടിയിലേറെ ലിറ്റര്‍ ഇന്ധനം ലാഭിക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ പ്രതിവര്‍ഷം 84,000 ലേറെ ടണ്‍ കുറക്കാനും സാധിച്ചു.


ദേശീയ പ്രതിഭകളെ വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, സൗദി അറേബ്യ റെയില്‍വെയ്‌സ് ജീവനക്കാര്‍ക്ക് വിവിധ സാങ്കേതിക, പ്രവര്‍ത്തന സ്‌പെഷ്യലൈസേഷനുകളില്‍ 30,000 ലേറെ മണിക്കൂര്‍ പരിശീലനം നല്‍കി. ജീവനക്കാരുടെ ശാക്തീകരണത്തിനും തുടര്‍ച്ചയായ പ്രൊഫഷണല്‍ വികസന പ്രോഗ്രാമുകള്‍ക്കും പിന്തുണ നല്‍കി. അല്‍സുല്‍ഫിയിലെയും പരിസര പ്രദേശങ്ങളിലെയും നിവാസികള്‍ക്ക് റെയില്‍ ഗതാഗത ശൃംഖലകളിലേക്കുള്ള പ്രവേശനം വര്‍ധിപ്പിക്കാനും സൗകര്യപ്രദവും സുരക്ഷിതവുമായ യാത്രാ ഓപ്ഷനുകള്‍ നല്‍കാനും ലക്ഷ്യമിട്ട് അല്‍സുല്‍ഫിയില്‍ പുതിയ പാസഞ്ചര്‍ സ്റ്റേഷന്‍ സ്ഥാപിക്കാനായി റിയാദ് പ്രവിശ്യ ലോജിസ്റ്റിക്‌സ് സര്‍വീസ് സഹകരണ സൊസൈറ്റിയുമായി മൂന്നാം പാദത്തില്‍ കരാര്‍ ഒപ്പുവെച്ച് കമ്പനി അതിന്റെ വികസന, സാമൂഹിക പങ്കാളിത്തങ്ങള്‍ വികസിപ്പിച്ചു.
കമ്മ്യൂണിറ്റി പങ്കാളിത്തത്തിന്റെ ഭാഗമായി, അല്‍ഇത്തിഹാദ് ഫുട്‌ബോള്‍ ക്ലബ്ബുമായി സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചുകൊണ്ട് സൗദി അറേബ്യ റെയില്‍വെയ്‌സ് തങ്ങളുടെ ആദ്യത്തെ സ്‌പോര്‍ട്‌സ് സ്‌പോണ്‍സര്‍ഷിപ്പും ആരംഭിച്ചു. കാന്‍സര്‍ രോഗികള്‍ക്ക് ഉത്തര സൗദി, കിഴക്കന്‍ സൗദി റെയില്‍വെ വഴി ഗതാഗത സേവനങ്ങള്‍ നല്‍കാനായി സൗദി കാന്‍സര്‍ ഫൗണ്ടേഷനുമായും സൗദി അറേബ്യ റെയില്‍വെയ്‌സ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇത് യാത്ര സുഗമമാക്കുന്നതിലും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും കമ്പനിയുടെ ദേശീയവും മാനുഷികവുമായ പങ്ക് ശക്തിപ്പെടുത്തുന്നു.



