ജിദ്ദ – 2023 നെ അപേക്ഷിച്ച് 2024 ല്‍ സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 40.9 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ട്രെയിന്‍ യാത്രക്കാരുടെ എണ്ണം 4.27 കോടിയായി ഉയര്‍ന്നു. നഗരങ്ങള്‍ക്കുള്ളില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉപയോഗപ്പെടുത്തിയത്. ആകെ ട്രെയിന്‍ യാത്രക്കാരില്‍ 72.8 ശതമാനവും നഗരങ്ങള്‍ക്കുള്ളില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളിലാണ് സഞ്ചരിച്ചത്. ആകെ യാത്രക്കാരില്‍ 27.2 ശതമാനം പേര്‍ ഇന്റര്‍സിറ്റി ട്രെയിന്‍ സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 35,600 ട്രെയിന്‍ സര്‍വീസുകളിലായി യാത്രക്കാര്‍ 1.25 കോടി കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചു. നാലാം പാദത്തിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉപയോഗിച്ചത്. ആകെ യാത്രക്കാരില്‍ 36.7 ശതമാനം നാലാം പാദത്തിലായിരുന്നു.
കഴിഞ്ഞ കൊല്ലം റെയില്‍വേ വഴി 1.56 കോടി ടണ്‍ ചരക്ക് നീക്കം ചെയ്തു. 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ചരക്ക് നീക്കത്തില്‍ ഒമ്പതു ശതമാനം വര്‍ധന രേഖപ്പെടുത്തി. 6,807 ഗുഡ്‌സ് ട്രെയിന്‍ സര്‍വീസുകളിലൂടെയാണ് ഇത്രയും ചരക്ക് നീക്കം ചെയ്തത്. ഈ ട്രെയിനുകള്‍ 63 ലക്ഷം കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു. ഗുഡ്‌സ് ട്രെയിന്‍ സര്‍വീസുകളില്‍ ഏറ്റവും കൂടുതല്‍ നീക്കം ചെയ്തത് ബോക്‌സൈറ്റ് ആണ്. ആകെ ചരക്കുകളില്‍ 33.7 ശതമാനം ബോക്‌സൈറ്റ് ആയിരുന്നു. ചരക്കുകളില്‍ 30.7 ശതമാനം ഫോസ്‌ഫേറ്റും 14.2 ശതമാനം ഫോസ്‌ഫോറിക് ആസിഡും ആയിരുന്നു.
ഏറ്റവും കൂടുതല്‍ ചരക്ക് നീക്കം ചെയ്തത് മൂന്നാം പാദത്തിലായിരുന്നു. ആകെ ചരക്ക് ഗതാഗതത്തിന്റെ 28.5 ശതമാനം മൂന്നാം പാദത്തിലായിരുന്നു. ഗുഡ്‌സ് ട്രെയിനുകളില്‍ നീക്കം ചെയ്ത കണ്ടെയ്‌നറുകളുടെ എണ്ണം 8,87,900 ആയി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കണ്ടെയ്‌നറുകളുടെ എണ്ണത്തില്‍ 27 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഇന്റര്‍സിറ്റി പാസഞ്ചര്‍ സ്റ്റേഷനുകളുടെ എണ്ണം 15 ആയി. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം ഇന്റര്‍സിറ്റി സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ 93 ലോക്കോമോട്ടീവുകളും 673 ബോഗികളുമുണ്ട്. 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഇന്റര്‍സിറ്റി സര്‍വീസ് നടത്തുന്ന ട്രെയിന്‍ ലോക്കോമോട്ടീവുകളുടെയും ബോഗികളുടെയും എണ്ണം 20.4 ശതമാനം തോതില്‍ വര്‍ധിച്ചു.
ഗുഡ്‌സ് ട്രെയിനുകള്‍ക്കുള്ള സ്റ്റേഷനുകളുടെ എണ്ണം 12 ആയി. 175 ലോക്കോമോട്ടീവുകളും 3,384 ബോഗികളും ചരക്ക് ട്രെയിനുകളിലുണ്ട്. ചരക്ക് ട്രെയിനുകളിലെ ലോക്കോമോട്ടീവുകളുടെയും ബോഗികളുടെയും എണ്ണം 10.8 ശതമാനം തോതില്‍ വര്‍ധിച്ചു. 2024 ല്‍ ഇന്‍ട്രാസിറ്റി ട്രെയിന്‍ സ്റ്റേഷനുകളുടെ എണ്ണം 110 ആയതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.