ദുബൈ– ദുബൈയിൽ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 9 കോടിയോളം രൂപ സമ്മാനം നേടി തൃശൂർ സ്വദേശി സബിഷ് പേരോത്ത്. 42 കാരനായ സബിഷ് തന്റെ ഇന്ത്യക്കാരായ ഒൻപത് സഹപ്രവർത്തകർക്കൊപ്പമാണ് ടിക്കറ്റ് എടുത്തത്. ജൂലൈ നാലിന് ഓൺലൈനായി വാങ്ങിയ സീരീസ് 508 ലെ 4296 എന്ന ടിക്കറ്റിനാണ് ഭാഗ്യസമ്മാനം ലഭിച്ചത്. കഴിഞ്ഞ ആറ് വർഷമായി സബിഷ് മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ തുടങ്ങിയപ്പോൾ തങ്ങൾ 20 പേരുണ്ടായിരുന്നെന്നും എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി 10 പേർ മാത്രമാണ് പങ്കെടുക്കുന്നത് എന്നും അദ്ദേഹം ഖലീജ് ടൈംസിനോട് പറഞ്ഞു. സബിഷ് പേരോത്തിനെ കൂടാതെ, ഒരു റഷ്യക്കാരനും ഏറ്റവും പുതിയ കോടീശ്വരനായി.
ദുബൈയിൽ ജനിച്ചുവളർന്ന സബിഷ് ഒരു ലോജിസ്റ്റിക് കമ്പനിയിലെ സീനിയർ ഓപ്പറേഷൻസ് സൂപ്പർവൈസറാണ്. സബിഷ് തന്റെ മകൾക്ക് ഒരു ലബുബു ബൊമ്മ വാങ്ങിച്ചു നൽകുമെന്നും തന്റെ കുടുംബവുമായി ഒരു ലോക പര്യടനം നടത്തുമെന്നും അതിയായ സന്തോഷത്തോടെ പങ്കുവെച്ചു. സമ്മാന വിവരം അറിഞ്ഞപ്പോൾ താൻ ശരിക്കും ഞെട്ടിപ്പോയെന്നും സബിഷ് പറഞ്ഞു. ആദ്യം ഇത് ഒരു പ്രാങ്ക് കോളോ പ്രമോഷണൽ കോളോ ആണെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു.
ദുബൈയ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി പറഞ്ഞ അദ്ദേഹം തങ്ങൾ ഒരു ഗ്രൂപ്പായി തീർച്ചയായും തുടർന്നും പങ്കെടുക്കുമെന്നും പറഞ്ഞു. 10 ലക്ഷം ഡോളർ നേടുന്ന 254-ാമത്തെ ഇന്ത്യക്കാരനാണ് സബിഷ്. 1999 ലാണ് മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചത്.
അതേസമയം, ദോഹയിൽ താമസിക്കുന്ന റഷ്യൻ പൗരൻ മായേൻ സലേ(57) മില്ലേനിയം മില്യനയർ സീരീസ് 509ൽ ടിക്കറ്റ് നമ്പർ 1184 വഴി 10 ലക്ഷം ഡോളർ സമ്മാനം നേടി. ഈ മാസം ഏഴിനാണ് അദ്ദേഹം ടിക്കറ്റ് ഓൺലൈനായി വാങ്ങിയത്. ഇതൊരു വലിയ സർപ്രൈസാണെന്നായിരുന്നു അദ്ദേഹത്തിന്റെയും ആദ്യ പ്രതികരണം.