ദോഹ– ഫോർബ്സ് മാസിക പുറത്തുവിട്ട മധ്യപൂർവ്വ ഏഷ്യയിലെ 2025-ലെ മികച്ച 100 യാത്രാ-ടൂറിസം നേതാക്കളുടെ പട്ടികയിൽ ഖത്തറിൽ നിന്നുള്ള മൂന്ന് പ്രമുഖരും. വ്യോമയാനം, ഹോസ്പിറ്റാലിറ്റി, ടൂറിസം വികസനം, യാത്രാ സേവനങ്ങൾ എന്നീ മേഖലകളിൽ സുപ്രധാന സംഭാവനകൾ നൽകിയ എഞ്ചിനീയർ ബദർ മുഹമ്മദ് അൽ-മീർ (3-ാം റാങ്ക്), എഞ്ചിനീയർ അബ്ദുൽ അസീസ് അലി അൽ-മൗലവി (25-ാം റാങ്ക്), താരിഖ് എം. അൽ സഈദ് (33-ാം റാങ്ക്) എന്നിവർ പട്ടികയിൽ ആദ്യ 35-ൽ ഇടംപിടിച്ചു. ബിസിനസ് വലുപ്പം, വരുമാനം, നിക്ഷേപ മൂല്യം, ആസ്തി ഉടമസ്ഥത, നേതൃ സ്വാധീനം, 2024-2025ലെ നേട്ടങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ്.
2023 മുതൽ ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിന്റെ സിഇഒ ആയ ബദർ മുഹമ്മദ് അൽ-മീർ, 2025 മെയിൽ ബോയിംഗ്, ജിഇ എയ്‌റോസ്‌പേസ് എന്നിവയുമായി 96 ബില്യൺ ഡോളറിന്റെ 210 വിമാന കരാർ ഒപ്പിട്ടു. 2024-2025 സാമ്പത്തിക വർഷത്തിൽ 23.5 ബില്യൺ ഡോളർ വരുമാനവും 2.2 ബില്യൺ ഡോളർ അറ്റാദായവും നേടി. 2024-ൽ ദക്ഷിണാഫ്രിക്കയിലെ എയർലിങ്കിൽ 25% ഓഹരിയും 2025 മാർച്ചിൽ 514 മില്യൺ ഡോളറിന് വിർജിൻ ഓസ്‌ട്രേലിയയിൽ 25% ഓഹരിയും സ്വന്തമാക്കി. അൽ-മീർ ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (ഐഎടിഎ) ബോർഡിലും സേവനമനുഷ്ടിക്കുന്നുണ്ട്
2024 മെയ് മുതൽ വിസിറ്റ് ഖത്തറിന്റെ സിഇഒ ആയ അബ്ദുൽ അസീസ് അൽ-മൗലവി, ഖത്തറിനെ ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു. 2025-2029 വരെ ട്രയാത്ത്‌ലോൺ വേൾഡ് ചാമ്പ്യൻഷിപ്പ് ഫൈനൽസ് (ടി100) ആതിഥേയത്വം വഹിക്കാൻ പ്രൊഫഷണൽ ട്രയാത്ത്‌ലെറ്റ്‌സ് ഓർഗനൈസേഷനുമായി അഞ്ച് വർഷത്തെ കരാർ ഒപ്പിട്ടു. 2024-ൽ വിസിറ്റ് ഖത്തർ 50 ലക്ഷത്തിലധികം അന്താരാഷ്ട്ര സന്ദർശകരെ സ്വാഗതം ചെയ്തു, മുൻവർഷത്തെക്കാൾ 25% വർധനയാണിത്. 2024-ന്റെ അവസാനത്തോടെ ഹോട്ടൽ ശേഷി 41,000 മുറികളായി വർധിച്ചു.
2017 മുതൽ അൽ റയ്യാൻ ടൂറിസം ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ (ആർട്ടിക്) മാനേജിംഗ് ഡയറക്ടറും സിഇഒയുമായ താരിഖ് എം. അൽ സഈദ്, 15 നഗരങ്ങളിൽ 8,168 മുറികളും 1,300 വസതികളുമുള്ള 35 ഹോട്ടലുകളും റിസോർട്ടുകളും നിയന്ത്രിക്കുന്നു. 2024-ൽ, ഖത്തരി, പ്രവാസി വിദ്യാർത്ഥികൾക്കായി ഹോസ്പിറ്റാലിറ്റി എക്സലൻസ് പ്രോഗ്രാം ആരംഭിച്ചു. ഈജിപ്തിലെ സെൽഡാർ ഹോൾഡിംഗിന്റെ ചെയർമാനും മാൾട്ടയിലെ ബിഎൻഎഫ് ബാങ്ക് ബോർഡംഗവുമാണ്.
മിഡിൽ ഈസ്റ്റിലെ ടൂറിസം മേഖലയിലെ ശക്തമായ നേതൃത്വവും നിക്ഷേപവും പ്രതിഫലിപ്പിക്കുന്ന ഈ പട്ടിക, ഖത്തറിന്റെ ആഗോള ടൂറിസം രംഗത്തെ വളർച്ചയെ അടയാളപ്പെടുത്തുന്നു.