ഹൈദരാബാദ്– സൗദി അറേബ്യയിൽ മദീനയ്ക്ക് സമീപം തിങ്കളാഴ്ച പുലർച്ചെ നടന്ന ബസ് അപകടത്തിൽ മരിച്ച 42 ഇന്ത്യക്കാരിൽ 18 പേരും ഒരൊറ്റ കുടുംബത്തിലെ അംഗങ്ങൾ. ഒൻപത് കുട്ടികളും ഒൻപത് മുതിർന്നവരുമടക്കം മൂന്ന് തലമുറകളെ മുഴുവനായി ഈ ദുരന്തം തട്ടിയെടുത്തു. ഹൈദരാബാദ് സ്വദേശികളായ ഇവർ ഉംറ കഴിഞ്ഞ് ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അഗ്നിനാളങ്ങളിൽ പൊലിഞ്ഞത്.
വാഹനാപകടത്തിൽ മരിച്ച 42 പേരിൽ ഭൂരിഭാഗവും ഹൈദരാബാദ് സ്വദേശികളായിരുന്നു.മദീനയിൽ നിന്ന് 30 കിലോമീറ്റർ അകലെ വെച്ച് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച ബസ് നിമിഷങ്ങൾക്കകം പൂർണമായി കത്തി നശിച്ചു. രാത്രി യാത്രയായതിനാൽ യാത്രക്കാരിൽ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നു. തീ പടരുന്നത് പോലും അറിയാതെ പലരും മരിച്ചുവെന്നാണ് വിവരം.
“എട്ട് ദിവസം മുമ്പാണ് അവർ ഉംറയ്ക്ക് പോയത്. ശനിയാഴ്ച രാവിലെ വിമാനത്താവളത്തിൽ കാത്തുനിൽക്കാനായിരുന്നു പ്ലാൻ. പുലർച്ചെ 1.30-നാണ് അപകട വാർത്ത വന്നത്. ബസ് മുഴുവനും കത്തിയമർന്നു,” ദുരന്തബാധിത കുടുംബാംഗങ്ങളുടെ ബന്ധുവായ മുഹമ്മദ് ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു.. ഒരു കുടുംബത്തിലെ 18 പേർ -ഒൻപത് മുതിർന്നവരും ഒൻപത് കുട്ടികളും – മരിച്ചു. ഇത് താങ്ങാനാകാത്ത ദുരന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ചവരിൽ നസറുദ്ദീൻ (70), ഭാര്യ അക്തർ ബീഗം (62), മകൻ സലാഹുദ്ദീൻ (42), പെൺമക്കളായ ആമിന (44), റിസ്വാന (38), ഷബാന (40) എന്നിവരും അവരുടെ കുട്ടികളും ഉൾപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി. “പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദനയിൽ ഞങ്ങളും പങ്കുചേരുന്നു. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും എല്ലാ സഹായവും നൽകുന്നുണ്ട്,” അദ്ദേഹം എക്സിൽ കുറിച്ചു.
അപകടത്തില്‍ മരിച്ച തെലങ്കാനയില്‍ നിന്നുള്ള 45 തീര്‍ഥാടകരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ സംഘത്തെ സൗദി അറേബ്യയിലേക്ക് അയക്കാനും തീരുമാനിച്ചു. അപകടത്തില്‍ മരിച്ചവരുടെ അന്ത്യകര്‍മങ്ങള്‍ സൗദി അറേബ്യയില്‍ അവരുടെ മതപരമായ ആചാരങ്ങള്‍ക്കനുസൃതമായി നടത്താനും തീരുമാനിച്ചതായി മന്ത്രിസഭ പ്രസ്താവനയില്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളില്‍ നിന്ന് കുറഞ്ഞത് രണ്ട് അംഗങ്ങളെയെങ്കിലും സൗദി അറേബ്യയിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.
ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ ആരംഭിച്ചു: ടോൾ ഫ്രീ നമ്പർ – 8002440003.



