ദുബൈ– യുഎഇയിലെ പ്രധാന സ്വർണവ്യാപാരികൾ മൂന്നു ദിവസത്തെ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത ആഭരണങ്ങൾക്കായി 50% വരെ ഡിസ്‌ക്കൗണ്ട്, പൂർണ വിലയുള്ള ആഭരണങ്ങൾക്കു പോലും 10% വരെ ഇളവ് ലഭിക്കും.
22 കാരറ്റ് സ്വർണത്തിന്റെ ദുബൈ വില ഇപ്പോൾ 383.5 ദിർഹത്തിൽ നിന്ന് ഏകദേശം 8 ദിർഹം താഴേക്ക് വന്നിരിക്കുകയാണ്. ഈ വിലക്കുറവ് ഉപഭോക്താക്കളെ വീണ്ടും കടകളിലേക്ക് ആകർഷിക്കുമോ എന്ന വലിയ ചോദ്യമാണ് സ്വർണ്ണവ്യാപാരികൾ ഉന്നയിക്കുന്നത്.
വിലയിൽ ഉണ്ടായ കനത്ത ഇടിവ് ഉപയോഗപ്പെടുത്തി ആവശ്യക്കാരെ കൈപ്പിടിയിലാക്കാനാണ് ജ്വല്ലറികളുടെ ശ്രമം.എന്നാൽ, നിലവിൽ യുഎഇയിലെ സ്വർണത്തിന്റെയും ആഭരണത്തിന്റെയും ഡിമാൻഡ് ഏറ്റവും കുറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
ഇന്ത്യയുടെ ടൈറ്റൺ ഗ്രൂപ്പ് ഈ ആഴ്ച 282 മില്യൺ ഡോളറിനു സ്വന്തമാക്കിയ ദമാസ് ജ്വല്ലറി, മൂന്ന് ദിവസത്തെ കിഴിവുകളോടുകൂടിയ പരസ്യങ്ങൾ ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്. മറ്റ് വലിയതും, ഇടത്തരം തോതിലുള്ള ജ്വല്ലറികളും ഇതുമായി ചേര്‍ന്ന് തങ്ങളുടെ സ്വന്തം ഓഫറുകൾ പുറത്തുവിട്ടിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ദുബൈയിലെ മാളുകൾ നടത്തിയ മൂന്ന് ദിവസത്തെ ഫ്ലാഷ് സെയിലുകൾ വലിയ രീതിയിലുള്ള തിരക്കിനു കാരണമായിരുന്നു. ജ്വല്ലറികൾക്കും ഇതേ പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്.
ഒരു ജ്വല്ലറി പ്രതിനിധിയുടെ വാക്കുകളിൽ: “ സ്വർണ്ണ വില കുറഞ്ഞതിനെ തുടർന്ന് നല്ല രീതിയിലുള്ള പ്രതികരണം ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പഴയതും പുതിയതുമായ ശേഖരങ്ങൾക്ക് ഓഫറുകൾ ഉണ്ട്. 5–10 ഗ്രാം സ്വർണം മാത്രം വാങ്ങുന്നവർ പോലും വില കുറവുള്ളതിനാൽ നിക്ഷേപമെന്ന നിലയിൽ കൂടുതൽ സ്വർണം സൂക്ഷിക്കണം എന്ന് ഇപ്പോൾ വിചാരിക്കുന്നുണ്ട് “.
ബാങ്കിങ് മേഖലയുടെയും വ്യാപാര മേഖലയുടെയും റിപ്പോർട്ടുകൾ പ്രകാരം, യുഎഇ ഉപഭോക്താക്കൾ അവധിക്ക് ചെലവഴിക്കുന്നതിലോ ആഭരണങ്ങൾ വാങ്ങുന്നതിലോ പിന്നോട്ട് പോയിട്ടില്ല. പല ബാങ്കുകളും 2025ന്റെ ആദ്യ പകുതിയിലെ കാർഡ് ചെലവുകൾ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എങ്കിലും, സ്വർണം വാങ്ങുന്നതിൽ ഉപഭോക്താക്കൾ കൂടുതൽ ജാഗ്രതയിലാണ്. 2025ന്റെ ആദ്യ പകുതിയിൽ സ്വർണവില 350–380 ദിർഹം റേഞ്ചിൽ തുടരുന്നതിനാൽ, വില കൂടുതൽ താഴുന്നത് കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ . എന്നാൽ ഇതുവരെ വലിയ വിലക്കുറവ് സംഭവിച്ചിട്ടില്ല.