ജിദ്ദ: ഹജ് പെർമിറ്റില്ലാത്തവരെയും മക്കയിൽ ജോലി ചെയ്യാനും താമസിക്കാനും പ്രത്യേക പെർമിറ്റ് നേടാത്തവരെയും മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകരുതെന്ന് ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരോടും ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ആവശ്യപ്പെട്ടു.
ദുൽഖഅ്ദ ഒന്നു മുതൽ ദുൽഹജ് 14 വരെയുള്ള കാലത്ത് വിസിറ്റ് വിസക്കാരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകാൻ ശ്രമിക്കുന്നവർക്ക് വിസിറ്റ് വിസക്കാരിൽ ഒരാൾക്ക് ഒരു ലക്ഷം റിയാൽ തോതിൽ പിഴ ചുമത്തും. കോടതി വിധി അടിസ്ഥാനത്തിൽ നിയമ ലംഘകരുടെ വാഹനങ്ങൾ കണ്ടുകെട്ടുമെന്നും ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി പറഞ്ഞു.
ഹജ് നിർദേശങ്ങൾ ലംഘിക്കുന്നവരെ പിടികൂടി ശിക്ഷാ നടപടികൾ സ്വീകരിക്കാൻ സുരക്ഷാ വകുപ്പുകൾ ശക്തമായ പരിശോധനകൾ നടത്തുന്നുണ്ട്. തസ്‌രീഹില്ലാതെ ഹജ് നിർവഹിക്കുകയോ ഹജ് കർമം നിർവഹിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്കും മക്ക നഗരത്തിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാനോ താമസിക്കാനോ ശ്രമിക്കുന്ന വിസിറ്റ് വിസക്കാർക്കും 20,000 റിയാൽ വരെ പിഴ ചുമത്തും.
പെർമിറ്റ് ഇല്ലാതെ ഹജ് നിർവഹിക്കുകയോ ഹജ് നിർവഹിക്കാൻ ശ്രമിക്കുകയോ മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്യുന്ന വിസിറ്റ് വിസക്കാർക്ക് വിസിറ്റ് വിസക്ക് അപേക്ഷിക്കുന്നവർ, വിസിറ്റ് വിസക്കാരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്തുന്നവർ, കടത്താൻ ശ്രമിക്കുന്നവർ, ഹോട്ടലുകൾ, അപ്പാർട്ട്‌മെന്റുകൾ, സ്വകാര്യ ഭവനങ്ങൾ, ലോഡ്ജുകൾ, തീർത്ഥാടകരെ പാർപ്പിക്കുന്ന കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ വിസിറ്റ് വിസക്കാരെ താമസിപ്പിക്കുകയോ താമസിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവർ, മക്കയിലും പുണ്യസ്ഥലങ്ങളിലും താമസിക്കാൻ വിസിറ്റ് വിസക്കാർക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായം നൽകുന്നവർ എന്നിവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും.
നിയമലംഘകരുടെ എണ്ണത്തിനനുസരിച്ച് അവരെ സഹായിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തും. പുണ്യസ്ഥലങ്ങളിൽ നുഴഞ്ഞുകയറി ഹജ് നിർവഹിക്കുന്ന, സൗദിയിൽ നിയമാനുസൃതം താമസിക്കുന്ന വിദേശികളെ രാജ്യത്തു നിന്ന് നാടുകടത്തി പത്തു വർഷത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി്.