അബുദാബി- പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിൽ (OPEC) നിന്ന് പുറത്തുപോകാനുള്ള യു.എ.ഇയുടെ തീരുമാനം വലിയ ചർച്ചയാകുമ്പോൾ, ഈ കൂട്ടായ്മയിൽ നിന്ന് പിന്മാറുന്ന ആദ്യ രാജ്യമല്ല യു.എ.ഇ. മുൻപ് പല രാജ്യങ്ങളും സാമ്പത്തികവും തന്ത്രപരവുമായ കാരണങ്ങളാൽ സംഘടന വിട്ടിട്ടുണ്ട്. ഈ നിരയിലെ ഏറ്റവും പുതിയ പ്രഖ്യാപനമാണ് യു.എ.ഇയുടേത്. സ്വന്തം ഊർജ്ജ നയങ്ങൾ കൂടുതൽ സ്വതന്ത്രമായി നടപ്പിലാക്കാനും എണ്ണയുൽപാദനത്തിൽ കൂടുതൽ ഇളവുകൾ നേടാനുമാണ് യു.എ.ഇ ഇപ്പോൾ പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ, 1996-ൽ അംഗത്വ ബാധ്യതകൾ പൂർത്തിയാക്കാൻ കഴിയാത്തതിനെ തുടർന്ന് ഗാബൺ സംഘടനയിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ 2016-ൽ അവർ വീണ്ടും ഒപെക്കിൽ തിരിച്ചെത്തി. ഇന്തോനേഷ്യയാകട്ടെ 2009-ലും 2016-ലും തങ്ങളുടെ അംഗത്വം താൽക്കാലികമായി നിർത്തിവെച്ചു. രാജ്യം എണ്ണ ഇറക്കുമതി ചെയ്യുന്ന അവസ്ഥയിലേക്ക് മാറിയതോടെ, ഒപെക്കിന്റെ ഉൽപാദന നിയന്ത്രണങ്ങൾ പാലിക്കുന്നത് ഇന്തോനേഷ്യക്ക് വലിയ സാമ്പത്തിക പ്രയാസങ്ങൾ സൃഷ്ടിച്ചതാണ് ഈ തീരുമാനത്തിന് കാരണമായത്.
പ്രകൃതിവാതക (LNG) ഉൽപാദനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ മേഖലയിൽ ആഗോള ശക്തിയാകാനുമുള്ള നീക്കത്തിന്റെ ഭാഗമായി 2019-ലാണ് ഖത്തർ ഒപെക് വിട്ടത്. സാമ്പത്തിക പ്രതിസന്ധികൾ മൂലവും ഉൽപാദന നിയന്ത്രണങ്ങൾ പാലിക്കാൻ കഴിയാത്തതിനാലും 2020-ൽ ഇക്വഡോറും സംഘടനയിൽ നിന്ന് പിന്മാറി. ഏറ്റവും ഒടുവിലായി 2023-ൽ അംഗോളയാണ് ഒപെക് വിട്ടത്. തങ്ങളുടെ എണ്ണയുൽപാദന ശേഷിക്ക് അനുസരിച്ചുള്ള ക്വാട്ടയല്ല സംഘടന നൽകുന്നതെന്ന പ്രതിഷേധമായിരുന്നു അംഗോളയ്ക്കുണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദേശീയ താത്പര്യങ്ങൾ മുൻനിർത്തിയും ഉൽപാദന ശേഷി വർധിപ്പിക്കാനുമായി യു.എ.ഇയും സഖ്യം വിടുന്നത്.



