റിയാദ് – സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ പരിപാടിയായ റിയാദ് സീസണിന് നിരവധി വിസ്മയങ്ങള്‍ തീര്‍ക്കുന്ന കൂറ്റന്‍ പരേഡോടെ അടുത്ത വെള്ളിയാഴ്ച തുടക്കമാകുമെന്ന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാനുമായ തുര്‍ക്കി ആലുശൈഖ് അറിയിച്ചു. ബൊളിവാര്‍ഡ് സിറ്റി, സുവൈദി പ്രദേശം, റിയാദ് മൃഗശാല എന്നിവ ഇത്തവണത്തെ ഫ്രീ സോണുകളില്‍ ഉള്‍പ്പെടുമെന്ന് ഇന്ന് നടന്ന സര്‍ക്കാര്‍ പത്രസമ്മേളനത്തില്‍ തുര്‍ക്കി ആലുശൈഖ് വ്യക്തമാക്കി. 130 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള രണ്ടു കോടിയിലേറെ സന്ദര്‍ശകരെയാണ് ഇത്തവണത്തെ റിയാദ് സീസണ്‍ ലക്ഷ്യമിടുന്നത്.
ഇന്തോനേഷ്യ, കുവൈത്ത്, ദക്ഷിണ കൊറിയ എന്നീ മൂന്ന് പുതിയ രാജ്യങ്ങള്‍ കൂടി ഈ വര്‍ഷത്തെ റിയാദ് സീസണില്‍ ചേര്‍ക്കും. സൗദി, ഖത്തരി, ഇമാറാത്തി, ലെവന്റൈന്‍ (ശാം), അന്താരാഷ്ട്ര നാടകങ്ങള്‍ എന്നിവ ഈ സീസണില്‍ അവതരിപ്പിക്കും. റിയാദ് സീസണ്‍ പ്രദേശങ്ങളില്‍ ഇത്തവണ 20 കോടിയിലേറെ പൂക്കള്‍ നടും. ഇത് റെക്കോര്‍ഡാണ്. റിയാദ് സീസണിലൂടെ ആദ്യമായി അമേരിക്കന്‍ ഫുട്‌ബോള്‍ മത്സരം സൗദിയില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായ പതിപ്പാണ് ഇത്തവണ അവതരിപ്പിക്കുക. റിയാദ് സീസണ്‍ 2025 ന് തുടക്കം കുറിക്കാൻ ബൊളിവാര്‍ഡ് ഏരിയയില്‍ വലിയ പരേഡ് ഉണ്ടാകും. പരേഡ് കടന്നുപോകുന്ന സ്ഥലങ്ങളില്‍ റോഡുകള്‍ അടച്ചിടും. ഏതെല്ലാം റോഡുകളാണ് അടക്കുകയെന്ന് പിന്നീട് അറിയിക്കും. മെസിസ് ന്യൂയോര്‍ക്കുമായി സഹകരിച്ചാണ് ബൊളിവാര്‍ഡ് പ്രദേശത്ത് വലിയ പരേഡ് നടത്തുക. പരേഡില്‍ 300 പേര്‍ വഹിക്കുന്ന 25 വലിയ ബലൂണുകള്‍, 25 ല്‍ അധികം ഫ്‌ളോട്ടുകള്‍, 3,000 നര്‍ത്തകര്‍, കലാകാരന്മാര്‍ എന്നിവര്‍ പങ്കെടുക്കും. ഒക്ടോബര്‍ 10 ന് വൈകുന്നേരം നാലു മണിക്ക് ആരംഭിക്കുന്ന പരേഡ് സൗജന്യമായിരിക്കും.
കഴിഞ്ഞ വര്‍ഷത്തെ റിയാദ് സീസണ്‍ 110 ബില്യണ്‍ മീഡിയ ഇംപ്രഷനുകള്‍ക്കും, 100 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 3,300 മീഡിയ സന്ദര്‍ശനങ്ങള്‍ക്കും 135 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടു കോടിയിലേറെ സന്ദര്‍ശകര്‍ക്കും സാക്ഷ്യം വഹിച്ചു. റമദാന്‍ കാരണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ റിയാദ് സീസണ്‍ കാലയളവ് കുറവായിരിക്കുമെങ്കിലും കഴിഞ്ഞ കൊല്ലത്തെ റെക്കോര്‍ഡ് ഈ സീസണില്‍ തകര്‍ക്കാനാണ് ലക്ഷ്യമിടുന്നത്.
ഇത്തവണത്തെ റിയാദ് സീസണ്‍ മൂന്ന് പ്രധാന വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യുവാക്കളെയും യുവതികളെയും, വീട്ടിലെ സ്ത്രീകളെയും, രാജ്യത്തിന്റെ പ്രതിച്ഛായയും പ്രാദേശിക ഉള്ളടക്കത്തില്‍ കൈവരിച്ച പുരോഗതിയും പ്രതിഫലിപ്പിക്കുന്ന നിലക്ക് പ്രാദേശിക ഉള്ളടക്കവും റിയാദ് സീസണ്‍ ലക്ഷ്യമിടുന്നു. പ്രാദേശിക ഉള്ളടക്കം ഏതൊരു ആഗോള ഉള്ളടക്കത്തിനും തുല്യമാണ്. 2023 അവസാനത്തോടെ പുറത്തിറക്കിയ റിയാദ് സീസണ്‍ ലോഗോ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കും. കഴിഞ്ഞ മാസത്തെ ഏറ്റവും പുതിയ വിലയിരുത്തല്‍ അനുസരിച്ച് റിയാദ് സീസണ്‍ ലോഗോയുടെ വിപണി മൂല്യം 320 കോടി ഡോളറിലെത്തി.
ഇത്തവണത്തെ റിയാദ് സീസണില്‍ 2,100 കമ്പനികള്‍ പങ്കെടുക്കുന്നു. ഇതില്‍ ഏകദേശം 95 ശതമാനവും പ്രാദേശിക കമ്പനികളാണ്. ഇത്തവണ 4,200 കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇത്തവണത്തെ റിയാദ് സീസണില്‍ 11 വിനോദ മേഖലകളും 15 അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകളും 34 പ്രദര്‍ശനങ്ങളും ഉത്സവങ്ങളും ഉള്‍പ്പെടുന്നു. ഇവ പ്രധാന ഇവന്റുകളാണ്. മറ്റ് ചെറിയ ഇവന്റുകളും ഉണ്ടാകും. നാലു മാസത്തിനുള്ളില്‍ 7,000 ലേറെ വ്യത്യസ്ത ഇവന്റുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഈ വര്‍ഷത്തെ സീസണിലെ ഏറ്റവും പ്രധാനപ്പെട്ട മേഖല ബീസ്റ്റ് ലാന്‍ഡ് ആണ്. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ഇന്‍ഫ്‌ളുവന്‍സറായ മിസ്റ്റര്‍ ബീസ്റ്റിന്റെ സാന്നിധ്യം ഇവിടെ ഉണ്ടാകും. ഹിത്തീന്‍ ഡിസ്ട്രിക്ടില്‍ ബൊളിവാര്‍ഡിന് സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്. മിസ്റ്റര്‍ ബീസ്റ്റിന്റെ പങ്കാളിത്തത്തോടെയുള്ള പാര്‍ക്കില്‍ 40 ലേറെ കടകളും റെസ്റ്റോറന്റുകളും 15 മോഷന്‍ ഗെയിമുകളും 12 അനുഭവങ്ങളും ഉള്‍പ്പെടുന്നു. ഈ പാര്‍ക്കിന്റെ ഉദ്ഘാടനത്തിലും പ്രമോഷനിലും മിസ്റ്റര്‍ ബീസ്റ്റ് പങ്കെടുക്കും. ഇവിടെ ദിവസേന മത്സരങ്ങളും സമ്മാനങ്ങളും ഉണ്ടായിരിക്കും.
റിയാദ് സീസണില്‍ 15 ലധികം തിയേറ്ററുകളും രണ്ട് അരീനകളും ഉള്‍പ്പെടുന്നു. അരീനകളില്‍ ഒന്ന് അറബ് ബാങ്ക് അരീനയാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ ടെന്നീസ് ടൂര്‍ണമെന്റുകളില്‍ ഒന്നായ സിക്‌സ് കിംഗ്‌സ് സ്ലാം ഉള്‍പ്പെടെ അഞ്ച് പ്രധാന ഇവന്റുകള്‍ ഇവിടെ നടക്കും. ലോകത്തിലെ ഏറ്റവും വലിയ ക്യാഷ് പ്രൈസിനായി ലോകത്തിലെ ആറ് മുന്‍നിര ടെന്നീസ് കളിക്കാരെ ടൂര്‍ണമെന്റ് ഒരുമിച്ച് കൊണ്ടുവരും.
നവംബര്‍ അവസാനം ലോകത്തിലെ ഏറ്റവും വലിയ ബോക്‌സിംഗ്, ഗുസ്തി ഇവന്റുകളില്‍ ഒന്നിന് ഇതേ അരീന ആതിഥേയത്വം വഹിക്കും. ഇതേ വേദിയില്‍ ഒരു അന്താരാഷ്ട്ര ആഭരണ പ്രദര്‍ശനവും നടക്കും. ജനുവരിയില്‍ തന്നെ പ്രധാന പരിപാടിയായ റോയല്‍ റംബിള്‍ നടക്കും. വടക്കേ അമേരിക്കക്ക് പുറത്ത് ആദ്യമായാണ് റോയല്‍ റംബിള്‍ നടക്കുന്നതെന്നും തുര്‍ക്കി ആലുശൈഖ് പറഞ്ഞു.