ജിദ്ദ: അയൽരാജ്യങ്ങളിൽ നിന്നുള്ള ഹജ്, ഉംറ തീർത്ഥാടകർ മക്കയിലേക്കുള്ള യാത്രക്ക് ഉപയോഗിക്കുന്നത് പത്തു പ്രധാന റൂട്ടുകൾ. തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിൽ അറേബ്യൻ ഉപദ്വീപിലെ ഗതാഗത ശൃംഖല പ്രധാനമാണ്.
ഈ ശൃംഖലയിൽ റെയിൽവെ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ അനുഗ്രഹീത യാത്രകളുടെ വിജയം ഉറപ്പാക്കുന്നതിന് സാങ്കേതിക, മാനുഷിക വിഭവങ്ങൾ ഉപയോഗപ്പെടുത്തി ഏറ്റവും ഉയർന്ന തലത്തിലുള്ള സുഖസൗകര്യങ്ങളും സുരക്ഷയും നൽകാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്.
പുണ്യസ്ഥലങ്ങളെ വിവിധ ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പരസ്പരബന്ധിതമായ റോഡുകളുടെ ശൃംഖല തീർത്ഥാടകരുടെ സേവനത്തിനായി ഒരുക്കിയിട്ടുണ്ട്. ഇത് എട്ടു അയൽ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നു. സുരക്ഷിതവും സുഗമവുമായ ഹജ് യാത്ര ഉറപ്പാക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
ഭൂമിശാസ്ത്രപരമായി ഏറെ വിശാലമായിരുന്നിട്ടും, റോഡ്‌സ് ജനറൽ അതോറിറ്റി ഏറ്റവും പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ വലിയ ഊന്നൽ നൽകുന്നു. പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി തീർത്ഥാടകരുടെ സുരക്ഷയും സുഖസൗകര്യങ്ങളും ഉറപ്പാക്കുന്നതിന് വിപുലമായ ഗതാഗത സംവിധാനങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.
അയൽരാജ്യങ്ങളുമായി സൗദി അറേബ്യയെ ബന്ധിപ്പിക്കുന്ന 10 പ്രധാന റൂട്ടുകൾ റോഡ് ശൃംഖലയിൽ ഉൾപ്പെടുന്നു. കുവൈത്തിൽ നിന്നുള്ള തീർത്ഥാടകർ രണ്ട് റൂട്ടുകളാണ് ആശ്രയിക്കുന്നത്. ഖഫ്ജിനുഈരിയ റിയാദ് മക്ക റൂട്ട് ആണ് ഇതിൽ ഒന്ന്. ഈ റൂട്ടിലൂടെ മക്കയിലേക്ക് 1,473 കിലോമീറ്റർ ദൂരമാണുള്ളത്. റഖ്ഇഹഫർ അൽബാത്തിൻമജ് മമക്ക റൂട്ടാണ് രണ്ടാമത്തെത്. ഈ പാതക്ക് 1,277 കി.മീ. ദൂരമുണ്ട്.
യു.എ.ഇ തീർത്ഥാടകർ 1,514 കിലോമീറ്റർ ദൈർഘ്യമുള്ള ബത്ഹാസൽവഹുഫൂഫ് റിയാദ് തായിഫ് മക്ക റോഡും ഖത്തർ തീർത്ഥാടകർ 1385 കിലോമീറ്റർ ദൈർഘ്യമുള്ള സൽവഹുഫൂഫ് റിയാദ് തായിഫ് മക്ക റോഡും ഉപയോഗിക്കുന്നു.
ബഹ്‌റൈനിൽ നിന്നുള്ള തീർത്ഥാടകർ കിംഗ് ഫഹദ് കോസ്‌വേ വഴി അൽകോബാറിലേക്കും പിന്നീട് റിയാദിലേക്കും യാത്ര ചെയ്യും. തുടർന്ന് തായിഫ് വഴി മക്കയിലേക്കുള്ള യാത്ര തുടരും.
ബഹ്‌റൈൻ തീർത്ഥാടകർ മക്കയിലേക്കുള്ള യാത്രയിൽ ആകെ സഞ്ചരിക്കേണ്ടത് 1,266 കിലോമീറ്റർ ദൂരമാണ്. ആകെ 1,219 കിലോമീറ്റർ ദൈർഘ്യമുള്ള ഹാല അമ്മാർ തബൂക്ക് മദീന മക്ക റോഡ്, 1,545 കിലോമീറ്റർ നീളമുള്ള അൽഹദീസഖുറയ്യാത്ത് സകാക്ക മദീന മക്ക റോഡ് എന്നീ രണ്ടു പ്രധാന റോഡുകൾ ജോർദാനിലെ തീർത്ഥാടകർ ഉപയോഗിക്കുന്നു.
ഇറാഖി തീർത്ഥാടകർക്ക് 1,579 കിലോമീറ്റർ നീളമുള്ള ജിദൈദ അറാർ സകാക്ക മദീന മക്ക റോഡ് വഴി പുണ്യഭൂമിയിലേക്ക് പോകാം. ഇത് ഹജ് റൂട്ടുകളുടെ വൈവിധ്യത്തെയും തീർത്ഥാടകരുടെ സുഗമമായ യാത്ര ഉറപ്പാക്കുന്നതിന് റോഡ് ശൃംഖലകളുടെ സംയോജനത്തെയും പ്രതിഫലിപ്പിക്കുന്നു.
തെക്ക്, യെമനിൽ നിന്നുള്ള തീർത്ഥാടകർ 1,372 കിലോമീറ്റർ നീളമുള്ള അൽവദീ അനജ്‌റാൻ അബഹ മക്ക റോഡിലൂടെയാണ് കടന്നുപോകുന്നത്. ഒമാനി തീർത്ഥാടകർ 2,150 കിലോമീറ്റർ നീളമുള്ള റുബ്ഉൽ ഖാലി ഉമ്മുസമൂൽ ബത്ഹാസൽ വഹുഫൂഫ് മക്ക റോഡ് ആശ്രയിക്കുന്നു. ഈ റൂട്ടിൽ മക്കയിലേക്ക് ആകെ 2,150 കിലോമീറ്റർ ദൈർഘ്യമുണ്ട്. തീർത്ഥാടകരുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ സൗദി അറേബ്യ നടത്തിയ ശ്രമങ്ങൾ ഈ പ്രധാന റോഡുകൾ സ്ഥിരീകരിക്കുന്നു.
ഉയർന്ന സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാനായി ഇരു ഹറമുകളിലേക്കുള്ള റോഡുകൾ സർവേ ചെയ്തുകൊണ്ട് റോഡ്‌സ് ജനറൽ അതോറിറ്റി ഹജ് സീസണിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സ്‌ക്രാപ്പിംഗ്, റീസർഫേസിംഗ് പ്രവർത്തനങ്ങൾ, റോഡ് ഷോൾഡർ ട്രിമ്മിംഗ്, മണൽക്കൂന നീക്കം ചെയ്യൽ, താഴ്‌വരയിലെ ഡ്രെയിനേജ് വൃത്തിയാക്കൽ എന്നീ ജോലികൾ നടപ്പാക്കി.
കോൺക്രീറ്റ്, ലോഹ ബാരിക്കേഡുകളുടെ സുരക്ഷ പരിശോധിക്കുക, റോഡ് അടയാളങ്ങളും മുന്നറിയിപ്പുകളും നവീകരിക്കുക, റോഡ് സുരക്ഷ വർധിപ്പിക്കുക എന്നീ ശ്രമങ്ങളും നടത്തി. റോഡ് ഗുണനിലവാരത്തിൽ ആഗോളതലത്തിൽ ആറാമത്തെ മികച്ച റാങ്കിംഗ് നേടാനും റോഡപകട മരണനിരക്ക് ഒരു ലക്ഷം പേർക്ക് അഞ്ചിൽ താഴെയായി കുറക്കാനും ലക്ഷ്യമിടുന്ന റോഡ് മേഖലാ തന്ത്രം ലക്ഷ്യങ്ങൾ കൈവരിക്കാൻ ഈ സംരംഭങ്ങൾ സഹായിക്കുന്നു.
ഇന്റർനാഷണൽ റോഡ് അസസ്‌മെന്റ് പ്രോഗ്രാം വർഗീകരണത്തിന് അനുസൃതമായി റോഡ് ശൃംഖലയിൽ ഗതാഗത സുരക്ഷ വർധിപ്പിക്കാനും വാഹന ഗതാഗതം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്ന നൂതന സേവനം നിലനിർത്താനും അതോറിറ്റി ശ്രമിക്കുന്നു. പുണ്യസ്ഥലങ്ങളും വിവിധ പ്രദേശങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും സുരക്ഷിതവും സുഗമവുമായ റോഡുകൾ നൽകുന്നതിലൂടെ തീർത്ഥാടകരുടെ അനുഭവം വർധിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.