മസ്കറ്റ്– 2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പിനുള്ള 15 അംഗ ഒമാൻ ടീമിനെ പ്രഖ്യാപിച്ചു. പരിചയസമ്പന്നനായ ഓപ്പണർ ജതീന്ദർ സിംഗിനെയാണ് ടീമിന്റെ നായകനായി തിരഞ്ഞെടുത്തത്. ഒമാനിനായി ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ജതീന്ദർ. വിക്കറ്റ് കീപ്പറും ബാറ്ററുമായ വിനായക് ശുക്ലയെയാണ് വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.
ഏറ്റവും വലിയ സർപ്രൈസായി 43 വയസ്സുകാരനായ ഓൾറൗണ്ടർ ആമിർ കലീമിനെ ടീമിൽ ഉൾപ്പെടുത്താത്തതാണ്. ഈ വർഷം നടന്ന ഏഷ്യാ കപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും യുവതാരങ്ങൾക്ക് അവസരം നൽകാനാണ് ഒമാൻ ബോർഡ് തീരുമാനിച്ചത്. വസീം അലി, കരൺ സോനാവാലെ, ജയ് ഒഡേന്ദ്ര, ഷഫീഖ് ജാൻ, ജിതൻ രാമാനന്ദി തുടങ്ങിയ യുവ ഓൾറൗണ്ടർമാരെയും പേസർമാരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപഭൂഖണ്ഡത്തിലെ പിച്ചുകൾക്ക് അനുയോജ്യമായ വേഗതയും കരുത്തുമുള്ള ഒരു ബാലൻസ്ഡ് സംഘത്തെയാണ് ഒമാൻ അണിനിരത്തുന്നത്.
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ടൂർണമെന്റ് ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ നടക്കും. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, ശ്രീലങ്ക, സിംബാബ്‌വെ, അയർലൻഡ് എന്നിവർക്കൊപ്പമാണ് ഒമാൻ. ഫെബ്രുവരി 9-ന് കൊളംബോയിൽ സിംബാബ്‌വെയ്‌ക്കെതിരെയാണ് അവരുടെ ആദ്യ മത്സരം. ഇത് ഒമാനിന്റെ നാലാം ടി20 ലോകകപ്പ് പങ്കാളിത്തമാണ്.
ഒമാൻ സ്ക്വാഡ്:
ജതീന്ദർ സിംഗ് (ക്യാപ്റ്റൻ), വിനായക് ശുക്ല (വൈസ് ക്യാപ്റ്റൻ), മുഹമ്മദ് നദീം, ഷക്കീൽ അഹമ്മദ്, ഹമ്മദ് മിർസ, വസീം അലി, കരൺ സോനാവാലെ, ഫൈസൽ ഷാ, നദീം ഖാൻ, സുഫ്യാൻ മെഹ്മൂദ്, ഹസ്നൈൻ അലി ഷാ, ഷഫീഖ് ജാൻ, ജയ് ഒഡേന്ദ്ര, ജിതൻ രാമാനന്ദി, അഷീഷ് ഒഡേന്ദ്ര.
യുവത്വവും പരിചയവും സമന്വയിപ്പിച്ച ഈ ടീം ഏഷ്യൻ പിച്ചുകളിൽ ശക്തമായ പോരാട്ടം നടത്തുമെന്നാണ് പ്രതീക്ഷ. ഒമാൻ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ഈ ലോകകപ്പ് ഒരു വലിയ അവസരമാണ്.



