കുവൈത്ത് സിറ്റി – സിറിയക്കാരിയായ ഭാര്യയെ മനഃപൂര്‍വം കൊലപ്പെടുത്തിയ കേസില്‍ കുവൈത്ത് സുരക്ഷാ വകുപ്പുകള്‍ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന കുവൈത്ത് പൗരന്‍ ഹമദ് ആയിദ് റികാന്‍ മുഫ്‌റഹിനെ ഇറാഖ് അധികൃതര്‍ അറസ്റ്റ് ചെയ്ത് കുവൈത്തിന് കൈമാറി.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കൊലപാതകം നടത്തിയ ശേഷം കുവൈത്ത്, ഇറാഖ് അതിര്‍ത്തിയായ അല്‍അബ്ദലി അതിര്‍ത്തി പോസ്റ്റ് വഴി പ്രതി ഇറാഖിലേക്ക് രക്ഷപ്പെടുകയായിരുന്നു. സിറിയക്കാരിയായ ഭാര്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടരുകയാണ്.
ഇറാഖില്‍ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, പ്രതിയെ കുവൈത്തിന് കൈമാറാന്‍ ഇറാഖി സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കുകയായിരുന്നു. കുവൈത്ത് ഇന്റര്‍പോളും ഇറാഖി ഇന്റര്‍പോളും തമ്മിലുള്ള ഏകോപനത്തിലൂടെ അല്‍അബ്ദലി അതിര്‍ത്തി പോസ്റ്റ് വഴിയാണ് പ്രതിയെ ഇറാഖ് അധികൃതര്‍ കുവൈത്ത് അധികൃതര്‍ക്ക് കൈമാറിയത്. ആവശ്യമായ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിനായി പ്രതിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.