ദുബൈ– ഓൺലൈൻ വീഡിയോകൾ കണ്ട് പ്രേരിതനായി വീട്ടിൽ ലഹരിച്ചെടി വളർത്തിയ സർവകലാശാല വിദ്യാർത്ഥിയെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. കലാരംഗത്ത് മികച്ച സൃഷ്ടികൾ നടത്താൻ ലഹരി സഹായിക്കുമെന്ന തെറ്റായ പ്രചാരണത്തിൽ വിശ്വസിച്ചാണ് യുവാവ് ഇത്തരമൊരു പ്രവർത്തി ചെയ്തത്. നിലവിൽ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
കഴിഞ്ഞ ദിവസം രാത്രി ഒരു സ്പോർട്സ് ക്ലബ്ബിന് സമീപം അസ്വാഭാവിക സാഹചര്യത്തിൽ യുവാവിനെ കണ്ടതാണ് കേസിന്റെ തുടക്കം. പട്രോളിംഗിനിടെ പൊലീസുകാർ ഇയാളെ ശ്രദ്ധിക്കുകയും വിവരം ചോദിച്ചപ്പോൾ വ്യക്തമല്ലാത്ത രീതിയിൽ സംസാരിക്കുകയും പരിഭ്രമിക്കുകയും ചെയ്തു. യുവാവ് കാണിച്ച സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കാർ പരിശോധിച്ച പൊലീസിന് ഉണങ്ങിയ കറുത്ത നിറത്തിലുള്ള സസ്യഭാഗങ്ങൾ ലഭിച്ചു. തുടർന്ന് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇത് നിരോധിത ലഹരിച്ചെടിയാണെന്ന് സ്ഥിരീകരിച്ചത്.
യൂണിവേഴ്സിറ്റിയിൽ ആർട്സ് വിദ്യാർത്ഥിയായ താൻ, യൂട്യൂബിലെ ഒരു വീഡിയോ കണ്ടാണ് ഇതിലേക്ക് തിരിഞ്ഞതെന്ന് ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിച്ചു. ലഹരി ഉപയോഗിക്കുന്നത് സർഗ്ഗാത്മകത വർദ്ധിപ്പിക്കുമെന്നും മികച്ച ചിത്രങ്ങൾ വരയ്ക്കാൻ സഹായിക്കുമെന്നുമുള്ള ഒരു കലാകാരന്റെ അവകാശവാദമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചത്. ഇതിനായി യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കിടെ നഴ്സറികളിൽ നിന്ന് വിത്തുകൾ സംഘടിപ്പിച്ചു. തുടർന്ന് വീട്ടിൽ തന്നെ ചെടി വളർത്തുകയും അത് വിളവെടുത്തു ഉണക്കി ഉപയോഗിക്കുകയും ചെയ്തതായി വിദ്യാർത്ഥി പറഞ്ഞു.
എന്നാൽ വീഡിയോയിൽ കണ്ടതുപോലെയുള്ള മാറ്റങ്ങളല്ല തന്റെ ജീവിതത്തിൽ ഉണ്ടായതെന്ന് യുവാവ് വെളിപ്പെടുത്തി. ലഹരി ഉപയോഗം തന്റെ പഠനത്തെയും കലയോടുള്ള താൽപ്പര്യത്തെയും മോശമായി ബാധിച്ചു. സർഗ്ഗാത്മകത വർദ്ധിക്കുന്നതിന് പകരം കാഴ്ചഭ്രമം (Hallucinations) ഉണ്ടാകാനും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥയിലേക്കും ഇത് തന്നെ എത്തിച്ചുവെന്ന് യുവാവ് സമ്മതിച്ചു. തെറ്റായ ഓൺലൈൻ വിവരങ്ങളിൽ വഞ്ചിതരാകരുതെന്നും അത്തരം പരീക്ഷണങ്ങൾക്ക് മുതിരരുതെന്നും ദുബായ് പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി.



